അഗസ്ത വെസ്റ്റ്‍ലാന്റ് ഇടപാടില്‍ ആരാണ് കോഴ വാങ്ങിയതെന്നതാണ് പ്രധാന ചോദ്യം: കേന്ദ്ര പ്രതിരോധമന്ത്രി
അഗസ്ത വെസ്റ്റ്‍ലാന്റ് തട്ടിപ്പ് കമ്പനിയാണെന്ന് തെളിഞ്ഞിട്ടും എന്തിനാണ് മോദി മെക്കിങ് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്
അഗസ്ത വെസ്റ്റ്‍ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ആരാണ് കോഴ വാങ്ങിയതെന്നതാണ് പ്രധാന ചോദ്യമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഇതിന് മുന്‍സര്‍ക്കാരാണ് ഉത്തരം പറയേണ്ടതെന്നും മന്ത്രി പറഞ്ഞു. അതേ സമയം തന്നെ ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് വ്യോമസേന മുന്‍ മേധാവി എസ് പി ത്യാഗിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു.
അഗസ്ത വെസ്റ്റ്‌ലാന്റ് ഇടപാടുമായി ബന്ധപ്പെട്ട് 125 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ഇറ്റാലിയന്‍ കോടതിയാണ് വ്യക്തമാക്കിയത്. അതിനാല്‍ അഴിമതി നടന്നിട്ടുള്ള കാര്യം വ്യക്തമാണ്. ആരാണ് കോഴപ്പണം വാങ്ങിയതെന്നതാണ് പ്രധാന ചോദ്യം എന്നായിരുന്നു മനോഹര്‍ പരിക്കറുടെ പ്രതികരണം. മുന്‍ സര്‍ക്കാരിന്റെ കാലത്താണ് അഴിമതി നടന്നത് അതിനാല്‍ അതിന് മറുപടി നല്‍കേണ്ടത് മുന്‍ സര്‍ക്കാരാണെന്നും പരീക്കര്‍ പറഞ്ഞു
അതേ സമയം പരീക്കറുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. പ്രതിരോധമന്ത്രിയായിരുന്ന എ കെ ആന്റണിയാണ് ഇടപാടില്‍ അഴിമതിയുണ്ടായെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് വീരപ്പ മെയ്‌ലി പറഞ്ഞു.
അഗസ്ത വെസ്റ്റ്‍ലാന്റ് തട്ടിപ്പ് കമ്പനിയാണെന്ന് തെളിഞ്ഞിട്ടും എന്തിനാണ് മോദി മെക്കിങ് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് എന്ന ആരോപണമാണ് കോണ്‍ഗ്രസ് പ്രധാനമായും ഉന്നയിക്കുന്നത്.
അതേ സമയം ഹെലികോപ്റ്റര്‍ ഇടപാടിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വ്യോമസേന മുന്‍ മേധാവി എസ് പി ത്യാഗിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിട്ടുണ്ട്. കോഴ ഇടപാടുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ത്യാഗിയെ തിങ്കളാഴ്ച സിബിഐ ചോദ്യം ചെയ്യും.