കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കേന്ദ്രമന്ത്രി മനേകാ ഗാന്ധി
എത്ര സ്വാധീനമുള്ള ആളാണെങ്കിലും കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
ഉന്നാവോ പീഡനക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനെ സിബിഐ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നു. കേസില്‍ സ്വമേധയാ എടുത്ത കേസില്‍ അലഹബാദ് ഹൈക്കോടതി ഇന്ന് വിധി പറയും. അതിനിടെ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കേന്ദ്രമന്ത്രി മനേകാ ഗാന്ധി പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ 4.30 നാണ് കുല്‍ദീപ് സെന്‍ഗാറിനെ 7 അംഗ സിബിഐ സംഘം വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. മൂന്ന് കേസുകള്‍ എംഎല്‍എക്ക് എതിരെ ചുമത്തി. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. പരാതിക്കാരിയായ യുവതിയും കുടുംബവും താമസിക്കുന്ന ഹോട്ടലിലെത്തിയും സിബിഐ തെളിവെടുത്തു.
എത്ര സ്വാധീനമുള്ള ആളാണെങ്കിലും കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കേന്ദ്രമന്ത്രി മനേകാ ഗാന്ധി പറഞ്ഞു. കത്വാ, ഉന്നാവോ പീഡനക്കേസുകളില്‍ കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
അതിനിടെ കത്വായില്‍ കുറ്റാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ ജമ്മുവിലെ അഭിഭാഷകര്‍ക്ക് എതിരെ സ്വമേധയാ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലെ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിനെ കണ്ടു. വിഷയം പിന്നീട് പരിഗണിക്കാമെന്നും പത്രറിപ്പോര്‍ട്ടുകള്‍ അടക്കമുള്ള തെളിവുകള്‍ ഹാജരാക്കണമെന്നും ചീഫ്ജസ്റ്റിസ് ആവശ്യപ്പെട്ടു.