യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തുടരും
രണ്ടാം തവണയാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയാകുന്നത്
സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. ഇത് രണ്ടാം തവണയാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയാകുന്നത്. പിബിയില്‍ നിലോല്‍പല്‍ ബസു, തപന്‍സെന്‍ എന്നീ പുതുമുഖങ്ങളുണ്ട്. എസ് രാമചന്ദ്രന്‍ പിള്ള പിബിയില്‍ തുടരും.
95 അംഗ കേന്ദ്രകമ്മിറ്റിയില്‍ 20 പുതുമുഖങ്ങളുണ്ട്. കേരളത്തില്‍ നിന്ന് എം വി ഗോവിന്ദനും കെ രാധാകൃഷ്ണനും സിസിയില്‍ ഇടം നേടി. പ്രത്യേക ക്ഷണിതാക്കളായി വി എസ് അച്യുതാനന്ദനും പാലോളി മുഹമ്മദ് കുട്ടിയും തുടരും. പി കെ ഗുരുദാസന്‍ സിസിയില്‍ നിന്ന് ഒഴിവായി.
ഭൂരിപക്ഷ പിന്തുണയില്ലാതിരുന്ന സുന്ദരയ്യയുടേയും സുർജിത്തിന്‍റെയും ഗതിതന്നെയാവുമെന്ന് പ്രവചിച്ചവരെയെല്ലാം അത്ഭുതപ്പെടുത്തിയാണ് സീതാറാം യെച്ചൂരി വീണ്ടും സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തുന്നത്. പാർട്ടി കോൺഗ്രസിൽ സ്വന്തം നയം സ്ഥാപിച്ചെടുത്തതിന് ശേഷമാണ് യെച്ചൂരി പാര്‍ട്ടിയുടെ അമരത്തെത്തുന്നത്. യാഥാർത്ഥ്യബോധവും നയതന്ത്രജ്ഞതയും പ്രായോഗികതയും കൊണ്ട് ഹർകിഷൻ സിംഗ് സുർജിത്തിൻറെ യഥാർഥ പിൻഗാമിയാവുകയാണ് സീതാറാം യെച്ചൂരി.
രാജ്യം കണ്ട ഏറ്റവും മികച്ച പാർലമെന്‍റേറിയൻമാരിൽ ഒരാളായ യെച്ചൂരിയാണ് 96ൽ യുണൈറ്റഡ് ഫ്രണ്ടിന്‍റെയും 2014 ൽ യുപിഎയുടേയും രൂപീകരണത്തിന് പിന്നിലെ ചർച്ചകൾക്ക് ചുക്കാൻ പിടിച്ചത്. നിർണായക സന്ദർഭങ്ങളിലെ രാഷ്ട്രീയ തീരുമാനങ്ങളെ പോലും സ്വാധീനിക്കാനാവും വിധം മറ്റു പാർട്ടികളിലെ നേതാക്കന്മാരുമായെല്ലാം വ്യക്തിപരമായ അടുപ്പം യെച്ചൂരിക്കുണ്ട്. ഇപ്പോഴത്തെ യെച്ചൂരി വിജയം ദേശീയതലത്തിൽ ബിജെപി വിരുദ്ധ ശക്തികള്‍ക്ക് ഊർജം പകരുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.