നോട്ട് അസാധുവാക്കല്‍: പാര്‍ലമെന്റില്‍ മുഖംകുനിച്ച് സര്‍ക്കാര്‍
സ്വിസ് ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച ആളുകളുടെ പേര് വിവരങ്ങള്‍ പുറത്ത് വിടാന്‍ തയ്യാറുണ്ടോയെന്ന് ആനന്ദ് ശര്‍മ
നോട്ട് അസാധുവാക്കല്‍ നടപടി പാര്‍ലമെന്റില്‍ ചര്‍ച്ചയായതോടെ കേന്ദ്രസര്‍ക്കാര്‍ ഒറ്റപ്പെട്ടു. രാജ്യസഭയില്‍ ഇന്ന് ആരംഭിച്ച ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശമാണ് പാര്‍ട്ടികള്‍ ഉയര്‍ത്തിയത്. യാതൊരു മുന്നൊരുക്കമില്ലാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും, സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ച് നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തിന്റെ ദുരന്തഫലങ്ങള്‍ അന്വേഷിക്കണമെന്നും വിവിധ കക്ഷികള്‍ ആവശ്യപ്പെട്ടു.
പണം അസാധുവാക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷം ഒന്നിനു പുറകെ മറ്റൊന്നായി ആഞ്ഞടിച്ച് സര്‍ക്കാരിനെതിരെ രംഗത്തിറങ്ങിയ ചര്‍ച്ചാവേളയില്‍ പ്രധാനമന്ത്രി ഉള്‍പ്പടെ ഭരണകക്ഷിയുടെ മിക്ക പ്രധാന നേതാക്കളും അസാന്നിധ്യം കൊണ്ട് ശ്രദ്ധേയരായി. കഴിയുന്നത്ര നിശബ്ദത പാലിക്കുക എന്ന തന്ത്രമായിരുന്നു ബിജെപി പയറ്റിയത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സഭയില്‍ ഉണ്ടായിരുന്നുവെങ്കിലും അപൂര്‍വ്വമായാണ് അദ്ദേഹം ഇടപെട്ടത്. കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയായിരുന്നു ചര്‍ച്ചക്ക് തുടക്കമിട്ടത്. ജനാധിപത്യത്തിലെ നടപടിക്രമങ്ങള്‍ പാലിക്കാതെ മറുചോദ്യമുന്നയിക്കാന്‍ കഴിയാത്ത കല്‍പ്പനകളാണ് പ്രധാനമന്ത്രി നടത്തി കൊണ്ടിരിക്കുന്നതെന്ന് ആനന്ദ് ശര്‍മ്മ കുറ്റപ്പെടുത്തി. ഇതിന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ മറുപടി നല്‍കി.
തെരഞ്ഞെടുപ്പ് ആസന്നമായ ഉത്തര്‍പ്രദേശിലെ നേതാക്കള്‍ ചര്‍ച്ചയില്‍ സര്‍ക്കാരിനെ കടന്നാക്രമിക്കുകയാണ് ചെയ്തത്. കാര്‍ഷിക, വ്യാവസായിക, ഗ്രാമീണ മേഖലകളില്‍ പുതിയ തീരുമാനം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാന്‍ പാര്‍ലമെന്റിന്റെ സംയുക്ത കമ്മിറ്റി രൂപീകരിക്കണമെന്ന് പ്രൊഫ രാംഗോപാല്‍ യാദവ്, മായാവതി, ശരദ് യാദവ് എന്നിവര്‍ ആവശ്യപ്പെട്ടു. നോട്ട് മാറാന്‍ സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കാത്ത നടപടിയെ സിപിഎ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചു. ചര്‍ച്ച നാളെയും തുടരും. പാര്‍ലമെന്റിന് പുറത്ത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തി.