അര്‍ത്ഥമില്ലാത്ത വാക്കുകള്‍ പറയുന്ന ആദ്യത്തെ പ്രധാനമന്ത്രി; നാഗാ കരാറില്‍ മോദിയെ വിമര്‍ശിച്ച് രാഹുല്‍
ചരിത്രപരമെന്ന് കൊട്ടിഘോഷിച്ച നാഗാ കരാര്‍ ഇന്ന് എവിടെയും കാണാനില്ല. പറഞ്ഞ വാക്കുകള്‍ക്ക് ഒരര്‍ത്ഥവുമില്ലെന്ന് മോദി സ്വയം തെളിയിച്ചെന്ന് രാഹുല്‍
നാഗാലാന്‍റ് പ്രശ്നപരിഹാരത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. ചരിത്രപരമെന്ന് കൊട്ടിഘോഷിച്ച നാഗാ കരാര്‍ ഇന്ന് എവിടെയും കാണാനില്ല. പറഞ്ഞ വാക്കുകള്‍ക്ക് ഒരര്‍ത്ഥവുമില്ലെന്ന് മോദി സ്വയം തെളിയിച്ചെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ഈ മാസം 27ന് നാഗാലാന്‍റില്‍ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നാഗ പ്രശ്നത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നത്.
ആറ് പതിറ്റാണ്ട് പിന്നിട്ട ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് വിരാമമിട്ടെന്ന് കൊട്ടിഘോഷിച്ച് 2015 ആഗസ്റ്റില്‍ നാഗ വിമതരുമായി ചേര്‍ന്ന് പ്രധാനമന്ത്രി സമാധാന കരാരിന്‍റെ കരടില്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാര്‍ കരാര്‍ വിശദാംശങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഉടമ്പടിയുടെ പുരോഗതി സംബന്ധിച്ചും അവ്യക്തത തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശം.
2018 ആയിരിക്കുന്നു, നാഗാ കരാര്‍ ഇപ്പോഴും ആരും കണ്ടിട്ടില്ല. ഒരര്‍ത്ഥവുമില്ലാത്ത വാക്കുകള്‍ പറയുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദി എന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് . പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയായ ഫെബ്രുവരി ഏഴിന് മുമ്പ് നാഗാ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് കാട്ടി ഭരണകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടുള്‍പ്പെടെ 11 പാര്‍ട്ടികളും ആദിവാസി സംഘടനകളും സമരത്തിലാണ്. കോണ്‍ഗ്രസ്സും ഇവരെ പിന്തുണക്കുന്നുണ്ട്.
നേരത്തെ എന്‍പിഎഫുമായി സഖ്യത്തിലായിരുന്ന ബിജെപി ഇത്തവണ പുതുതായി രൂപീകൃതമായ നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്‍ട്ടിയുമൊത്താണ് മത്സരിക്കുന്നത്.