അലഹബാദില്‍ ദലിത് നിയമ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തം
ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ദലിത് നിയമ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം ബസ് കത്തിച്ചു
ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ദലിത് നിയമ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം ബസ് കത്തിച്ചു. കൊല്ലപ്പെട്ട ദിലീപ് സരോജിന്‍റെ കുടുംബത്തിന് യുപി സര്‍ക്കാര്‍ 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പ്രതിഷേധം ശക്തമായതോടെ അലഹബാദ് യൂണിവേഴ്സിറ്റിയില്‍ ദ്രുതകര്‍മസേനയെയും പൊലീസിനെയും വിന്യസിച്ചു.
വെള്ളിയാഴ്ച്ചയാണ് അലഹബാദ് സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ത്ഥി ദിലീപ് സരോജ് ക്രൂര മര്‍ദ്ദനത്തിനിരയായത്. സുഹൃത്തുക്കളോടൊപ്പം അലഹബാദിലെ ഹോട്ടലില്‍ ഭക്ഷണ കഴിക്കാനെത്തിയതായ ദിലീപിനെ ഒരു സംഘം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അബോധാവസ്ഥയിലായ ദിലീപ് ശനിയാഴ്ച്ച ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. തുടര്‍ന്നാണ് പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ തെരുവില്‍ ഇറങ്ങിയത്.
അലഹബാദ് യൂണിവേഴ്സിറ്റിയില്‍ നിന്നാരംഭിച്ച സമാജ്‌വാദി യുവജന സഭയുടെയും ഐസയുടെയും പ്രതിഷേധം അക്രമാസക്തമായി. ബസ് അഗ്നിക്കിരയാക്കുകയും വാഹനങ്ങള്‍ക്ക് നേരെ കല്ലേറിയുകയും ചെയ്തു. കൊലപാതകത്തില്‍ ഹോട്ടലിലെ വെയിറ്റര്‍ അടക്കം 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഒരാളായ വിജയ് ശങ്കര്‍ റെയില്‍വേ ഉദ്യാഗസ്ഥനാണ്.
സ്റ്റേഷനില്‍ അറിയിച്ചിട്ടും സ്ഥലത്തെത്താതിരുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. ആക്രമണം ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഫലമാണെന്ന് ബിഎസ്പി നേതാവ് മായാവതി പ്രതികരിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം സംരക്ഷിക്കപ്പെടുന്നില്ലെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. അതിനിടെ കൊല്ലപ്പെട്ട ദിലീപ് സരോജിന്‍റെ കുടുംബത്തിന് യുപി സര്‍ക്കാര്‍ 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.