''ആ കല്ല്യാണ ബഹളത്തിനിടെ, വധുവിന്റെ അടുത്ത് നിന്നാണ് എന്റെ മകനെ കൊണ്ടുപോയത്''

Update: 2018-06-05 14:25 GMT
''ആ കല്ല്യാണ ബഹളത്തിനിടെ, വധുവിന്റെ അടുത്ത് നിന്നാണ് എന്റെ മകനെ കൊണ്ടുപോയത്''
Advertising

കണ്ണീരുതോരാതെ ഷോപിയാനില്‍ വീരമൃത്യു വരിച്ച കശ്മീരി സൈനിക ഓഫീസര്‍ ഉമര്‍ ഫയാസിന്റെ ഉമ്മയും ഉപ്പയും

എത്ര പെട്ടെന്നാണ് ഒരു ആഘോഷത്തിന്റെ ബഹളങ്ങള്‍ ഭീകരമായ ഒരു നിശബ്ദതയിലേക്ക് വഴിമാറിയത്. ആ ഉമ്മയെ ആശ്വസിപ്പിക്കാനായി ആ ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളും അവിടെയുണ്ടായിരുന്നു.. ഒന്നും പറയാനാകാതെ, തന്നെ കാണാനെത്തുന്ന ഓരോ ബന്ധുവിനെയും പരിചയക്കാരെയും കാണുമ്പോഴേക്കും ആ ഉമ്മ അലറിക്കരഞ്ഞുക്കൊണ്ടേയിരുന്നു. 22 വയസ്സ് മാത്രം പ്രായമുള്ള തന്റെ മകന്‍ ലഫ്റ്റനന്റ് ഉമര്‍ ഫയാസിനെ കഴിഞ്ഞ ദിവസം ഷോപിയാനിലെ വീട്ടില്‍വെച്ച് മൂന്നുപേര്‍ പിടിച്ചുവലിച്ച് കൊണ്ടുപോയത് ജമീലയ്ക്ക് ഓര്‍മയുണ്ട്. അടുത്ത ദിവസം രാവിലെ തൊട്ടടുത്ത ഗ്രാമത്തില്‍ നിന്ന് കിട്ടുന്നത് അവന്റെ മൃതദേഹമാണ്. ജമീലയുടെ സഹോദരന്റെ മകളുടെ വിവാഹാഘോഷത്തിനിടെയാണ് സംഭവമുണ്ടായത്. വിവാഹത്തില്‍ പങ്കെടുക്കാനായി അനന്തനാഗില്‍ നിന്ന് വന്നതായിരുന്നു ഉമര്‍ ഫയാസ്.

ഉമറിന്റെ പിതാവ് ഫയാസ് അഹമ്മദ് പരാരിക്കു ചുറ്റും അയല്‍ക്കാരും കുടുംബക്കാരുമുണ്ട്. സംസാരത്തിനിടെ അയാള്‍ പല തവണ വിതുമ്പി. ''എന്റെ മകന്‍ ഇനിയില്ലെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല... അവന്‍ ഒരാളെ എനിക്ക് മകനായിട്ടുണ്ടായിരുന്നുള്ളൂ... ഇനി അവനും അവന്റെ രണ്ട് സഹോദരിമാര്‍ക്കും ആരാണ് ഉള്ളത്?''

''2012 ല്‍ പ്ലസ്ടു പാസ്സായ ശേഷം നാഷണല്‍ ഡിഫന്‍സ് അക്കാദമി എന്‍ട്രന്‍സ് പരീക്ഷ എഴുതിയത് അവന്റെ ഇഷ്ടത്തിനായിരുന്നു. ഞാനൊരു കര്‍ഷകനാണ്.. വിദ്യാഭ്യാസവുമില്ല.. ഒരു ഓഫീസറാകണമെന്നാണ് അവന്റെ ആഗ്രഹം എന്നു പറഞ്ഞപ്പോള്‍ ഞാന്‍ അത് അംഗീകരിച്ചു. പക്ഷേ, അത് അവന്റെ ജീവനെടുക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു..'' അഹമ്മദ് പരാരി മകനെ ഓര്‍ത്ത് വിതുമ്പുന്നു.

ഉമറിന്റെ അമ്മാവന്‍ മുഹമ്മദ് മക്‍ബൂലിന്റെ മകളുടെ വിവാഹമായിരുന്നു അന്ന്. ''ഉമര്‍ അനന്തനാഗിലായിരുന്നു താമസിച്ചിരുന്നത്. അവന്റെ കസിന് അവിടെ ഒരു താത്കാലിക താമസസ്ഥലം ഉണ്ടായിരുന്നു. അതുകൊണ്ട് അവന്റെ വീട്ടിലേക്ക് വരാതെ, വിവാഹത്തില്‍ പങ്കെടുക്കാനായിട്ട് നേരിട്ട് ഞങ്ങളുടെ വീട്ടിലേക്ക് വരികയായിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് അവനെത്തിയത്. അതുവരെ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. മുകളിലെ റൂമില്‍ കല്ല്യാണപ്പെണ്ണിനൊപ്പം ഇരിക്കുകയായിരുന്നു അവന്‍. അപ്പോഴാണ് പരമ്പരാഗത കശ്മീരി വേഷം ധരിച്ച മൂന്നുപേര്‍ വന്നത്. അപ്പോള്‍ സമയം ഏകദേശം 8 മണിയായിട്ടുണ്ടാകും. അവര്‍ നേരിട്ട് മുകളിലേക്ക് കയറിവരികയും അവനെ അന്വേഷിക്കുകയും ചെയ്തു. അവനെ കണ്ടതും അവര്‍ അവനെ പിടിച്ചുവലിച്ച് താഴോട്ട് കൊണ്ടുപോയി. ഞങ്ങള്‍ എല്ലാവരും അവനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.. അവരെയും കാത്ത് താഴെ റോഡില്‍ നിരവധി പേര്‍ നില്‍പ്പുണ്ടായിരുന്നു...''-മുഹമ്മദ് മക്‍ബൂല്‍ പറഞ്ഞു..

''രാവിലെ, തൊട്ടടുത്ത ഗ്രാമമായ ഹര്‍മൈനിലെ ബസ് സ്റ്റാന്റില്‍ നിന്ന് കിട്ടിയത് അവന്റെ ചലനമറ്റ ശരീരമാണ്. അവിടുത്തെ ഗ്രാമവാസികള്‍ അവന്റെ ശരീരം കണ്ടപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ആ ആശുപത്രിയിലെ ഡോക്ടറാണ് ആ മൃതശരീരം ഉമറിന്റേതാണെന്ന് തിരിച്ചറിഞ്ഞതെ''ന്ന് കൂട്ടിച്ചേര്‍ക്കുന്നു പിതാവിന്റെ സഹോദരനായ മുഹമ്മദ് അഷ്റഫ്.

''പിന്നെ ഞങ്ങള്‍ക്കൊരു ഫോണ്‍ വന്നു. അത് വിശ്വസിക്കാന്‍ സാധിക്കുമായിരുന്നില്ല...'' അഷ്റഫ് പറയുന്നു. ഉമറിനെ പിടിച്ചുകൊണ്ടുപോയവരെ കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാന്‍ ബന്ധുക്കള്‍ ആരും തയ്യാറായതുമില്ല... ''അവനെ വീട്ടില്‍കയറികൊണ്ടുപോകുമെന്ന് ഞങ്ങളാരും ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നാ''യിരുന്നു അതിനെകുറിച്ച് ചോദിച്ചപ്പോള്‍ അഷ്റഫിന്റെ മറുപടി.

''ഞങ്ങളുടെ ഗ്രാമത്തില്‍ ആകെ ഒരു സൈനികനെ ഉണ്ടായിരുന്നുള്ളൂ.. മുഹമ്മദ് അയ്യൂബ് പരാരി.. 90 കളിലാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. എന്റെ അമ്മാവനാണ്. ഉമറിന്റെ ഉപ്പയുടെയും..'' - അഷ്റഫ് കൂട്ടിച്ചേര്‍ക്കുന്നു.

ഉമര്‍ ഫയാസിനെ തട്ടിക്കൊണ്ടുപോയി എന്നതിനെ പറ്റി തങ്ങള്‍ക്ക് യാതൊരു വിവരവും ആരും നല്‍കിയില്ലെന്ന് പറയുന്നു കുല്‍ഗാമിലെ പൊലീസ് സൂപ്രണ്ട് ശ്രീധര്‍ പട്ടേല്‍. രാവിലെ ഡെഡ്ബോഡി കിട്ടിയപ്പോള്‍ മാത്രമാണ് തങ്ങള്‍ വിവരമറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News