ജുനൈദ് വധക്കേസ് വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു

Update: 2018-06-05 05:02 GMT
ജുനൈദ് വധക്കേസ് വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു
Advertising

കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ജുനൈദിന്‍റെ പിതാവ് സമര്‍പ്പിച്ച ഹരജിയിലാണ് നടപടി.

ഹരിയാനയിലെ ജുനൈദ് വധക്കേസിന്‍റെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ജുനൈദിന്‍റെ പിതാവ് ജലാലുദ്ദീന്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. ഹരജിയില്‍ സിബിഐക്കും ഹരിയാന സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു.

ജുനൈദ് വധക്കേസില്‍ അന്വേഷണത്തിലും വിചാരണയിലുമുണ്ടായ അട്ടിമറി നീക്കങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസ് സിബിഐക്ക് വിടണമെന്ന് ജുനൈദിന്‍റെ പിതാവ് ജലാലുദ്ദീന്‍ ആവശ്യപ്പെട്ടത്. നേരത്തെ ഈ ആവശ്യം പഞ്ചാബ്, ഹരിയാന ഹൈക്കോടതി സിംഗിള്‍ ബെഞ്ചും പിന്നീട് മാര്‍‌ച്ച് 6ന് ഡിവിഷന്‍ ബെഞ്ചും തള്ളിയതോടെ ജലാലുദ്ദീന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മതസ്പര്‍ദ്ധ വളര്‍ത്തല്‍, നിയമ വിരുദ്ധമായി സംഘം ചേരല്‍‌, ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിന്‍റെ അഖണ്ഡതക്കെതിരായി പ്രവര്‍ത്തിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ തെളിയിക്കാന്‍ പോലീസിനായില്ലെന്ന് ജലാലുദ്ദീന്‍ ആരോപിക്കുന്നു. ഒപ്പം വിചാരണ കോടതിയില്‍ പ്രോസിക്യൂഷന്‍ തന്നെ കേസ് അട്ടിമറിക്കാന്‍ നടത്തിയ നീക്കവും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് സുപ്രീംകോടതി വിചാരണ നടപടി സ്റ്റേ ചെയ്തത്.

ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, എം ശാന്തന ഗൌഡര്‍ എന്നിവരുടെ ബെഞ്ചിന്‍റെതാണ് നടപടി. കേസ് സിബിഐക്ക് വിടണം എന്ന ആവശ്യത്തില്‍ സിബിഐയും ഹരിയാന സര്‍ക്കാരും കോടതിയില്‍ നിലപാട് വ്യക്തമാക്കണം. കഴിഞ്ഞ വര്‍ഷം ജൂലൈ 22നാണ് ഡല്‍ഹിയില്‍ നിന്നും ഹരിയാനയിലെ ബല്ലബ് ഗഡിലേക്കുള്ള യാത്രാ മധ്യേ ട്രെയിനിലിട്ട് ജുനൈദിനെ അടിച്ചുകൊന്നത്. കയ്യില്‍ ബീഫുണ്ടെന്നും മുസ്‍ലിമാണെന്നും ആരോപിച്ചായിരുന്നു കൊലപാതകം.

Tags:    

Similar News