തെളിവായത് ക്ഷേത്രത്തിനുള്ളില്‍ നിന്ന് കിട്ടിയ പെണ്‍കുട്ടിയുടെ ഒരു മുടിയിഴ

Update: 2018-06-05 04:02 GMT
തെളിവായത് ക്ഷേത്രത്തിനുള്ളില്‍ നിന്ന് കിട്ടിയ പെണ്‍കുട്ടിയുടെ ഒരു മുടിയിഴ
Advertising

ആ രണ്ടുമാസം ഞാന്‍ ഉറങ്ങിയിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ കുറ്റപത്രം തയ്യാറാക്കിയ ക്രൈംബ്രാഞ്ചിലെ സീനിയര്‍ സൂപ്രണ്ടന്റ് പൊലിസ് ഓഫീസറായ രമേശ് കുമാര്‍ ജല്ല

ഒരു കുഞ്ഞിനെ തെറ്റിദ്ധരിപ്പിച്ച് തട്ടിക്കൊണ്ടുപോയി, മയക്കുമരുന്ന് നല്‍കി മയക്കിക്കിടത്തി, തുടർച്ചയായി ബലാത്സംഗം ചെയ്ത്, പിന്നീട് ക്രൂരമായി കൊലപ്പെടുത്തിയ കേസ്. സംസ്ഥാനത്താകെ പ്രതിഷേധം ഉയര്‍ന്ന കേസ്. പക്ഷേ, പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും അവര്‍ക്ക് വേണ്ടി വാദിക്കാനും സംഘടനകള്‍ വന്നു. അവരുടെ പ്രക്ഷോഭങ്ങള്‍ വന്നു.

അതിക്രൂരമായ ബലാത്സംഗത്തിനിരയായി, അതിലും ക്രൂരമായ രീതിയില്‍ കൊലചെയ്യപ്പെട്ട എട്ടുവയസ്സുകാരിക്ക് വേണ്ടി ഇന്ത്യയൊന്നാകെ തേങ്ങുകയാണിന്ന്.. തെരുവിലിറങ്ങുകയാണിന്ന്. കുറ്റപത്രം പുറത്തിറങ്ങിയ ശേഷമാണ് ആ കുരുന്നു പെണ്‍കുട്ടിക്കെതിരായി നടന്നത് എത്ര മനഃസാക്ഷിയില്ലാത്ത പീഡനമാണെന്ന് ലോകം അറിഞ്ഞത്. അവളനുഭവിച്ച വേദന മനഃസാക്ഷിയുള്ള ഓരോരുത്തരുടെയും ഉറക്കം കെടുത്തിയത്. വിചാരണകോടതിക്കുമുമ്പില്‍ ഹാജരാക്കായി പൊലീസുകാര്‍ തയ്യാറാക്കിയ കുറ്റപത്രമാണ് ആ കുറ്റകൃത്യത്തിന്റെ തെളിവും രേഖയും. ആ കുറ്റപത്രത്തിന് പിന്നില്‍ എതിര്‍പ്പുകളെ വകവെയ്ക്കാതെ, തുടങ്ങിവെച്ച അന്വേഷണം പൂര്‍ത്തിയാക്കാതെ വിശ്രമിക്കില്ലെന്ന് ഉറപ്പിച്ച ഒരു പൊലീസ് ഓഫീസറുണ്ട്. അയാള്‍ക്ക് കീഴില്‍ അണിനിരന്ന ഒരു ടീമുണ്ട്.

ഹിന്ദു ഏക്താ മഞ്ച് എന്നു വിളിക്കുന്ന ജനങ്ങളുടെ സംഘമാണ് ഈ എട്ടുവയസ്സുകാരി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധവുമായെത്തിയത്. ഈ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തെ രണ്ട് ബിജെപി മന്ത്രിമാരുമുണ്ടായിരുന്നു. ചൌധരി ലാല്‍ സിംഗും, ചന്ദ്രപ്രകാശ് ഗംഗയും. ഇത്തരം ഒരു കേസ് രജിസ്റ്റര്‍ ചെയ്തതിനെ വിമര്‍ശിച്ച്, കുറ്റാരോപിതര്‍ക്ക് വേണ്ടി വാദിച്ച് അഭിഭാഷകരുടെ സംഘടനപോലും രംഗത്തെത്തി. ശരിക്കും കേസ് അന്വേഷിച്ച പൊലീസ് സംഘം കടന്നുപോയത് മുള്‍മുനകളിലൂടെയായിരുന്നു. ഇത്തരം പ്രതിഷേധങ്ങളെ അതിജീവിച്ച്, സത്യം പുറത്തുകൊണ്ടുവന്നതിലും, പ്രതികള്‍ ചെയ്ത ക്രൂരത ലോകത്തെ അറിയിക്കുന്നതിലും അന്വേഷണ സംഘം വിജയിച്ചു.

കേസ് കെട്ടിച്ചമച്ചതാണെന്ന ആരോപണങ്ങള്‍, വര്‍ഗീയ വിദ്വേഷമാണ് കാരണമെന്ന പ്രതിവാദങ്ങള്‍- ഇതെല്ലാം അതിജീവിച്ചാണ് കശ്മീരി പണ്ഡിറ്റായ ആ പോലീസ് ഉദ്യോഗസ്ഥൻ കേസ് അന്വേഷണവുമായി മുന്നോട്ടു പോയത്. കുറ്റം ആരോപിക്കപ്പെട്ട് കസ്റ്റഡിയിലുള്ളവര്‍ തന്നെയാണ് യഥാര്‍ഥ പ്രതികളെന്ന് ഉറപ്പുവരുത്തുന്ന തെളിവുകളായിരുന്നു അയാളുടെഅന്വേഷണത്തെ മുന്നോട്ടു കൊണ്ടുപോയത്. ജമ്മുകശ്മീരിലെ കതുവാ ജില്ലയിലെ ഒരു ക്ഷേത്രത്തിനുള്ളില്‍വെച്ചാണ് കുഞ്ഞ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടതെന്നും അന്വേഷണസംഘം കണ്ടെത്തി.

റെക്കോര്‍ഡ് സമയത്തിനുള്ളില്‍ തന്നെയാണ് ക്രൈംബ്രാഞ്ചിലെ സീനിയര്‍ സൂപ്രണ്ടന്റ് പൊലിസ് ഓഫീസറായ രമേശ് കുമാര്‍ ജല്ലയും ടീമംഗങ്ങളും അന്വേഷണം പൂര്‍ത്തിയാക്കിയത്. ഏപ്രില്‍ 9 നാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഹൈകോടതി നിശ്ചയിച്ച 90 ദിവസത്തെ കാലാവധിക്ക് പത്തുദിവസം മുമ്പേയാണിത്. അതും, എല്ലാ രാഷ്ട്രീയനേതാക്കളും അഭിഭാഷകരും അടക്കമുള്ള ഒരു വലിയ ലോബിയുടെ എല്ലാ എതിര്‍പ്പുകളെയും മറികടന്ന്.

കേസ് അന്വേഷിക്കാനായി ഔദ്യോഗികമായി നിയോഗിപ്പെട്ട ടീമിന്റെ സൂപ്പര്‍വൈസറാണ് ജല്ല. ജമ്മുവിലെ ക്രൈം ബ്രാഞ്ചിന്റെ അമരക്കാരന്‍. സത്യത്തില്‍ നവീദ് പീര്‍സദയെന്ന യുവ പൊലീസ് ഓഫീസറാണ് കേസന്വേഷത്തിന്റെ ചുക്കാന്‍ പിടിച്ചത്. ഏത് കുഴപ്പം പിടിച്ച കേസും വളരെ പെട്ടെന്ന് പരിഹരിക്കുന്ന ആള്‍ എന്നൊരു വിശേഷണം നവീദിന് നേരത്തെ തന്നെ ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്.

നാലു പൊലീസുകാരും റവന്യൂ വകുപ്പില്‍ നിന്ന് റിട്ടയറായ ഒരു ഉദ്യോഗസ്ഥനുമാണ് ഈ ക്രൂരകൃത്യത്തിന്റെ പ്രധാന സൂത്രധാരകര്‍ എന്ന് കുറ്റപത്രം പറയുന്നു. അവര്‍ ആ കുഞ്ഞിനോട് നടത്തിയ ക്രൂരത ഒന്നൊഴിയാതെ ഒന്നായി ആ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്‌ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ രസന ഗ്രാമത്തില്‍ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിനു വേണ്ടിയായിരുന്നു പ്രദേശത്തെ ഭൂരിപക്ഷമായ ഹിന്ദുസമുദായത്തില്‍പ്പെട്ട പ്രതികള്‍ എട്ടുവയസുകാരിയായ ആസിഫയെ ക്രൂരപീഡനത്തിനിരയാക്കിത്. വീടിന് സമീപത്തുവെച്ച് കുട്ടിയെ കാണാതാകുന്നത് ജനുവരി 10 നാണ്. അവളുടെ മൃതദേഹം കണ്ടുകിട്ടുന്നത് ഏഴു ദിവസത്തിന് ശേഷം സമീപത്തെ കാട്ടിനുള്ളില്‍വെച്ചും.

കുട്ടിയെ മയക്കുമരുന്ന് നല്‍കി നിരവധി തവണ ക്ഷേത്രത്തിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കുറ്റപത്രത്തിലുള്ളത്. കേസിലെ പ്രധാന സൂത്രധാരനായ, റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ സഞ്ജിറാം, ആര്‍ക്കും സംശയം തോന്നാതിരിക്കാനായി, ക്ഷേത്രത്തിലെ പൂജകളൊന്നും ആ ദിവസങ്ങളില്‍ മുടക്കിയിരുന്നുമില്ല. സഞ്ജിറാമിന്റെ മകന്‍ ഷമ്മ എന്നറിയപ്പെടുന്ന വിശാല്‍ ജംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. മീററ്റില്‍ പഠിക്കുകയായിരുന്ന വിശാല്‍ ജംഗോത്രയെ ജനുവരി 11 ന് കസിന്‍ ഫോണ്‍ ചെയ്ത് വരുത്തുകയായിരുന്നു. നിനക്ക് നിന്റെ കാമസംതൃപ്തിക്കായി ഇങ്ങോട്ടുവരാം എന്നായിരുന്നു കസിന്‍ വിശാലിനോട് ഫോണില്‍ പറഞ്ഞതെന്നും പൊലീസിന്റെ കുറ്റപത്രത്തിലുണ്ട്.

പക്ഷേ, തങ്ങളുടെ സഹപ്രവര്‍ത്തകര്‍ തന്നെ ഈ ക്രൂരകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്ന് ജല്ലയും നവീദും ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല. പൊലീസ് കസ്റ്റഡിയിലുള്ളവര്‍ എത്ര തന്നെ ചോദ്യം ചെയ്തിട്ടും സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളായ പൊലീസുകാരുടെ പേര് പുറത്തു പറഞ്ഞിരുന്നുമില്ല. കുട്ടികളിലെ കാമവാസനയെന്ന് കുറ്റത്തെ ചുരുക്കി, സഞ്ജിറാവുവിന്റെ പ്രായപൂര്‍ത്തിയാകാത്ത മരുമകന്റെ മേല്‍ കുറ്റം മുഴുവനും കെട്ടിവെക്കാനുള്ള ശ്രമമായിരുന്നു നടന്നിരുന്നത്.

പെണ്‍കുട്ടിയുടെ മൃതശരീരം കിടന്ന സ്ഥലത്തുനിന്നുള്ള ചിത്രങ്ങള്‍ തന്നെയാണ് കേസ് അന്വേഷണത്തില്‍ പ്രധാന വഴിത്തിരിവായത്. ആ ഫോട്ടോയില്‍ കാണുന്ന അവളുടെ വസ്ത്രത്തില്‍ ചളി പറ്റിയിരുന്നു. എന്നാലത് മൃതദേഹം കിടന്ന പ്രദേശത്ത് കാണപ്പെടുന്ന തരത്തിലുള്ള മണ്ണായിരുന്നില്ല. അവള്‍ കൊല്ലപ്പെട്ടത് മറ്റ് എവിടെയോ വെച്ചാണെന്ന് അതോടെ ഉറപ്പിക്കാനായി. പക്ഷേ പിന്നീട് കണ്ട ഫോട്ടോയിലൊന്നും വസ്ത്രത്തില്‍ ആ ചളി ഉണ്ടായിരുന്നില്ല. അത് ശരിക്കും ഞങ്ങളെ ഞെട്ടിച്ചു. അതോടെയാണ് സംഭവത്തില്‍ ഏതെങ്കിലും പൊലീസുകാര്‍ക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെട്ടത്. തെളിവുനശിപ്പിക്കാനായി അവളുടെ വസ്ത്രങ്ങള്‍ കഴുകി വൃത്തിയാക്കിയിരുന്നു- ടീമംഗങ്ങളിലൊരാള്‍ പറയുന്നു.

''അന്വേഷണത്തില്‍ ഇരുട്ടില്‍ തപ്പുകയായിരുന്നു ഞങ്ങള്‍. പക്ഷേ, എന്തോ ഒരു ദൈവികസഹായം ഞങ്ങള്‍ക്ക് ലഭിക്കുകയായിരുന്നു. അതാണ് കേസ് അന്വേഷണത്തെ മുമ്പോട്ടു കൊണ്ടുപോകാന്‍ സഹായിച്ചത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഞങ്ങള്‍ ആ അമ്പലത്തിലും തെളിവെടുപ്പ് നടത്തി. അവിടെ അടച്ചിട്ട ഒരു റൂമുണ്ടായിരുന്നു. അതിന്റെ താക്കോല്‍ സഞ്ജിറാമിന്റെ കയ്യിലായിരുന്നു. ആ റൂം തുറന്ന് പരിശോധിച്ചപ്പോള്‍ എട്ട് മുടിയിഴകള്‍ കിട്ടി. അവ ഡിഎന്‍എ ടെസ്റ്റിന് അയച്ചു. ആ മുറിയില്‍ പെണ്‍കുട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നു എന്നതിന് തെളിവാണ് ആ മുടിയിഴകള്‍ എന്ന് ഞങ്ങള്‍ക്ക് ഒരു പ്രതീക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിലൊന്ന്, ഒന്നുമാത്രം പെണ്‍കുട്ടിയുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു''- മറ്റൊരു ഉദ്യോഗസ്ഥന്‍ പറയുന്നു.

പക്ഷേ, കേസ് അന്വേഷണത്തിനെ ഭാഗമായി തന്നെ സമീപിച്ച മാധ്യമപ്രവര്‍ത്തകരോടൊന്നും പ്രതികരിക്കാന്‍ ജല്ല തയ്യാറായിട്ടില്ല. തനിക്ക് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും എതിര്‍പ്പ് നേരിടേണ്ടിവന്നിട്ടില്ലെന്ന് മാത്രം പറഞ്ഞ് ഒഴിയുകയായിരുന്നു അദ്ദേഹം. ശ്രീനഗര്‍ സ്വദേശിയാണ് ജല്ല. 1984ലാണ് സര്‍വീസില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ രണ്ടുമാസത്തിന് ശേഷം, ഈ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞ ശേഷമാണ് താനൊന്ന് ഉറങ്ങിയതെന്നും അദ്ദേഹം പറയുന്നു.

സ്പെഷല്‍ പോലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ, അസിസ്റ്റന്റ് സബ്ഇന്‍സ്പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ്കോണ്‍സ്റ്റബ്ള്‍ തിലക് രാജ് എന്നിവരാണ് കേസില്‍ അറസ്റ്റിലായ മറ്റുള്ളവര്‍. ആനന്ദ് ദത്തയും തിലക് രാജും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളല്ല. പെണ്‍കുട്ടിയുടെ വസ്ത്രം അലക്കിയതടക്കമുള്ള കാര്യങ്ങള്‍ ചെയ്ത് തെളിവുനശിപ്പിക്കാന്‍ സഹായിച്ചു എന്നതാണ് ഇരുവര്‍ക്കും പേരിലുള്ള കുറ്റം.

''പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം, കുറ്റാരോപിതനായ ഖുജുരിയ തന്റെ ഇടത്തെ തുട അവളുടെ കുഴുത്തില്‍ വച്ച ശേഷം കൈകള്‍ക്കൊണ്ട് കഴുത്തു ഒടിച്ചു. എന്നിട്ടും അവള്‍ മരിച്ചില്ലെന്ന് കണ്ട്, കേസിലെ പ്രായപൂര്‍ത്തിയാവാത്ത പ്രതി അവളുടെ പുറത്ത് മുട്ടുകുത്തി നിന്ന് അവളുടെ ഷാള്‍കൊണ്ട് കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു. മരണം ഉറപ്പുവരുത്താന്‍ പ്രതികള്‍ പാറക്കല്ലുകൊണ്ട് അവളുടെ തലയില്‍ രണ്ടുവട്ടം ആഞ്ഞടിക്കുകയും ചെയ്തു.''- കുറ്റപത്രം പറയുന്നു.

Tags:    

Similar News