സുന്ദരയ്യയുടെയും സുർജിത്തിന്‍റെയും ഗതിയെന്ന പ്രവചനം തെറ്റിച്ച് യെച്ചൂരി വീണ്ടും അമരത്ത്

Update: 2018-06-05 21:09 GMT
സുന്ദരയ്യയുടെയും സുർജിത്തിന്‍റെയും ഗതിയെന്ന പ്രവചനം തെറ്റിച്ച് യെച്ചൂരി വീണ്ടും അമരത്ത്
Advertising

പാർട്ടി തള്ളിയ സെക്രട്ടറിമാരുടെ ലിസ്റ്റിൽ സുന്ദരയ്യയ്ക്കും സുർജിത്തിനും പിന്നാലെ യെച്ചൂരിയുടെ പേര് എഴുതപ്പെട്ടില്ല

ഭൂരിപക്ഷ പിന്തുണയില്ലാതിരുന്ന സുന്ദരയ്യയുടേയും സുർജിത്തിന്‍റെയും ഗതിതന്നെയാവുമെന്ന് പ്രവചിച്ചവരെയെല്ലാം അത്ഭുതപ്പെടുത്തിയാണ് സീതാറാം യെച്ചൂരി വീണ്ടും സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തുന്നത്. പാർട്ടി കോൺഗ്രസിൽ സ്വന്തം നയം സ്ഥാപിച്ചെടുത്തതിന് ശേഷമാണ് യെച്ചൂരി പാര്‍ട്ടിയുടെ അമരത്തെത്തുന്നത്. യാഥാർത്ഥ്യബോധവും നയതന്ത്രജ്ഞതയും പ്രായോഗികതയും കൊണ്ട് ഹർകിഷൻ സിംഗ് സുർജിത്തിൻറെ യഥാർഥ പിൻഗാമിയാവുകയാണ് സീതാറാം യെച്ചൂരി.

Full View

പരാജിതനായി നിൽക്കുമ്പോഴും പാർട്ടി കോൺഗ്രസിൽ വലിയ വിശ്വാസമായിരുന്നു യെച്ചൂരിക്ക്. ആ വിശ്വാസം തുണയായി. അതുകൊണ്ടുതന്നെ പാർട്ടി തള്ളിയ സെക്രട്ടറിമാരുടെ ലിസ്റ്റിൽ സുന്ദരയ്യയ്ക്കും സുർജിത്തിനും പിന്നാലെ യെച്ചൂരിയുടെ പേര് എഴുതപ്പെട്ടില്ല. പ്രായോഗിക രാഷ്ട്രീയത്തിൽ സുർജിത്തിന്‍റെ നേരനുയായിയാണ് യെച്ചൂരി. ജെഎൻയു കാമ്പസ് കാലം മുതൽ ഒപ്പമുള്ള പ്രകാശ് കാരാട്ടിനെ തള്ളി വിജയിയാവാൻ യെച്ചൂരിയെ പ്രാപ്തനാക്കിയതും ഈ കഴിവുകളാണ്. തെലുങ്കാന സമരത്തെ തുടർന്ന് വിദ്യാഭ്യാസം ഡൽഹിയിലേക്ക് മാറ്റിയ യെച്ചൂരിയുടെ ആദ്യ വിജയം സിബിഎസ്ഇ പരീക്ഷയിൽ രാജ്യത്ത് ഒന്നാം റാങ്ക് നേടിക്കൊണ്ടായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജെഎൻയുവിൽ റിസർച്ച് സ്കോളറായിരിക്കേ അറസ്റ്റിലായി. മൂന്ന് വർഷത്തിന് ശേഷം എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ്. 84ൽ സിപിഎം കേന്ദ്രകമ്മറ്റിയിൽ. 92ൽ പിബിയിലും.

രാജ്യം കണ്ട ഏറ്റവും മികച്ച പാർലമെന്‍റേറിയൻമാരിൽ ഒരാളായ യെച്ചൂരിയാണ് 96ൽ യുണൈറ്റഡ് ഫ്രണ്ടിന്‍റെയും 2014 ൽ യുപിഎയുടേയും രൂപീകരണത്തിന് പിന്നിലെ ചർച്ചകൾക്ക് ചുക്കാൻ പിടിച്ചത്. നിർണായക സന്ദർഭങ്ങളിലെ രാഷ്ട്രീയ തീരുമാനങ്ങളെ പോലും സ്വാധീനിക്കാനാവും വിധം മറ്റു പാർട്ടികളിലെ നേതാക്കന്മാരുമായെല്ലാം വ്യക്തിപരമായ അടുപ്പം യെച്ചൂരിക്കുണ്ട്. ഇപ്പോഴത്തെ യെച്ചൂരി വിജയം ദേശീയതലത്തിൽ ബിജെപി വിരുദ്ധ ശക്തികള്‍ക്ക് ഊർജം പകരുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ചെറുപിണക്കങ്ങളും മൂപ്പിളമ തർക്കവുമായി കഴിയാനുള്ള നാളുകളല്ല മുന്നിലെന്ന് പ്രതിപക്ഷ കക്ഷികൾക്ക് പൂർണ ബോധ്യം വന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

Tags:    

Similar News