അമിത് ഷാ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി
2019 പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡിഎ സഖ്യകക്ഷകളുടെ സഹകരണം ഉറപ്പിക്കുന്ന ഭാഗമായാണ് കൂടിക്കാഴ്ച
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി. 2019 പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡിഎ സഖ്യകക്ഷകളുടെ സഹകരണം ഉറപ്പിക്കുന്ന ഭാഗമായാണ് കൂടിക്കാഴ്ച.
സഖ്യകക്ഷികളിൽ ഏറ്റവും ഇടഞ്ഞു നിൽക്കുന്ന ശിവസേനയെ കൂടെ നിർത്തുകയെന്നതാണ് ബി ജെ പി നേരിടുന്ന വെല്ലുവിളികളിൽ പ്രധാനം. സഖ്യകക്ഷിയായിരിക്കെ തന്നെ ബി ജെ പിയാണ് മുഖ്യ ശത്രുവെന്ന് ശിവസേന പല തവണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഉദ്ധവ് താക്കറെയെ കാണാൻ മുംബൈയിൽ എത്തിയ അമിത് ഷായെ വിമർശനങ്ങളോടെയാണ് ശിവസേന സ്വീകരിച്ചത്. 2019 തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന മുഖപത്രമായ സാമ്ന വ്യക്തമാക്കി. ബി ജെ പി ജനങ്ങളിൽ നിന്ന് അകന്നുവെന്നും കർഷകരെ കേന്ദ്ര സർക്കാർ അവഗണിച്ചുവെന്നും ഇരു നേതാക്കൻമാരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ശിവസേന കുറ്റപ്പെടുത്തി.
രാഷ്ട്രപതി സ്ഥാനാർത്ഥിക്കായുള്ള പിന്തുണക്കായി ഒരു വർഷം മുൻപാണ് അമിത് ഷാ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയത്. സഖ്യകക്ഷികളെ ആവശ്യമില്ലെന്ന ബി ജെ പിയുടെ മുൻ നിലപാടിനെ കൂടിക്കാഴ്ചയിൽ ഉദ്ധവ് താക്കറെ വിമർശിച്ചതായാണ് സൂചന. വരുന്ന പൊതു തെരഞ്ഞെടുപ്പിൽ സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ മത്സരിക്കാനിറങ്ങുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബി ജെ പി നേതൃത്വം.