അണ്ണാ ഡിഎംകെയില്‍ ഇനി ജനറല്‍ സെക്രട്ടറി പദമില്ല
കോഓര്‍ഡിനേറ്ററും ജോയിന്റ് കോ ഓര്‍ഡിനേറ്ററും ചേര്‍ന്നായിരിയ്ക്കും ഇനി പാര്‍ട്ടിയിലെ തീരുമാനങ്ങളെടുക്കുക. ഫലത്തില്‍ അണ്ണാ ഡിഎംകെ പൂര്‍ണമായും പനീര്‍ശെല്‍വത്തിന്റെയും എടപ്പാടി പളനിസാമിയുടെയും കൈകളിലെത്തി.
അണ്ണാ ഡിഎംകെയില്‍ ഇനി മുതല്‍ ജനറല്‍ സെക്രട്ടറി പദമില്ല. പാര്‍ട്ടിയുടെ സംഘടനാ നിയമ ഭേദഗതിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം നല്‍കി. കോര്‍ഡിനേഷന്‍ കമ്മിറ്റിയാവും ഇനിമുതല്‍ പാര്‍ട്ടിയിലെ അവസാന വാക്ക്. എന്നാല്‍, ജനറല്‍ സെക്രട്ടറി പദം സംബന്ധിച്ച് ടിടിവി ദിനകരന്‍ നല്‍കിയ കേസ് ഹൈക്കോടതിയില്‍ നിലവിലുണ്ട്.
കഴിഞ്ഞ സെപ്റ്റംബറില്‍ ചേര്‍ന്ന അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സിലാണ്, ജനറല്‍ സെക്രട്ടറി പദം ഒഴിവാക്കിക്കൊണ്ടുള്ള ഭേദഗതി കൊണ്ടുവന്നത്. കോഓര്‍ഡിനേറ്ററും ജോയിന്റ് കോ ഓര്‍ഡിനേറ്ററും ചേര്‍ന്നായിരിയ്ക്കും ഇനി പാര്‍ട്ടിയിലെ തീരുമാനങ്ങളെടുക്കുക. ഫലത്തില്‍ അണ്ണാ ഡിഎംകെ പൂര്‍ണമായും പനീര്‍ശെല്‍വത്തിന്റെയും എടപ്പാടി പളനിസാമിയുടെയും കൈകളിലെത്തി.
എന്നാല്‍, ഭരണഘടന ഭേദഗതിയ്‌ക്കെതിരെ ടിടിവി ദിനകരന്‍ നല്‍കിയ ഹര്‍ജിയില്‍, ഹൈക്കോടതിയില്‍ നിന്ന് അന്തിമ വിധി വരണം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങള്‍ കോടതിയുടെ അന്തിമ വിധിയ്ക്ക് വിധേയമായിരിയ്ക്കുമെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിട്ടുമുണ്ട്.
ഭേദഗതിയ്ക്ക് അംഗീകാരം ലഭിച്ചതോടെ, അണ്ണാ ഡിഎംകെയില്‍ തര്‍ക്കം രൂക്ഷമാകും. ലയനത്തിനു ശേഷം കാര്യമായ സ്ഥാനങ്ങള്‍ ലഭിയ്ക്കാത്ത ഒപിഎസ് വിഭാഗത്തിലെ പ്രമുഖര്‍ പ്രതിഷേധവുമായി എത്തുമെന്ന് ഉറപ്പാണ്. ഭരണഘടനയ്ക്ക് അംഗീകാരം ലഭിയ്ക്കുന്നതുവരെയാണ് ഒപിഎസിനും ഇപിഎസിനും സ്ഥാനങ്ങള്‍ നല്‍കിയിട്ടുള്ളത്. ഇനി ജനറല്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത്, പുതിയ ആളുകളെ തിരഞ്ഞെടുക്കണം. പതിനഞ്ച് അംഗ സ്റ്റിയറിങ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പും ഇതുവരെ നടന്നില്ല. അതുകൊണ്ടുതന്നെ ഇരു വിഭാഗത്തു നിന്നും ജനറല്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കാനുള്ള സമ്മര്‍ദ്ദം കൂടും.