കെജ്രിവാളും മന്ത്രിമാരും നടത്തുന്ന സമരം ആറാം ദിവസത്തില്‍
സമരം ആറാം ദിവസത്തിലേക്ക് കടന്നിട്ടും ചര്‍ച്ചക്ക് തയ്യാറാകാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ തയ്യാറായിട്ടില്ല
ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും മന്ത്രിമാരും നടത്തുന്ന സമരം ആറാം ദിവത്തിലേക്ക്. ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി ഞായറാഴ്ച പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. ഭരിക്കുന്ന പാര്‍ട്ടി പ്രതിഷേധിക്കുന്ന കാഴ്ച ആദ്യമാണെന്ന് ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാദീക്ഷിത് കുറ്റപ്പെടുത്തി.
നിരാഹാര സമരം നടത്തുന്ന മന്ത്രി സത്യേന്ദ്ര ജെയിനിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവും മനീഷ് സിസോദിയയുടെ തൂക്കവും കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സമരം ആറാം ദിവസത്തിലേക്ക് കടന്നിട്ടും ചര്‍ച്ചക്ക് തയ്യാറാകാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ തയ്യാറായിട്ടില്ല. അതേസമയം കെജ്രിവാളിന്റെയും മന്ത്രിമാരുടെയും സമരത്തിന് ജനപിന്തുണ കൂടി ഉറപ്പാക്കുന്നതിന്റെ ഭാഗമായി വീടുകള്‍ കയറി ഒപ്പുശേഖരണത്തോടൊപ്പം ആം ആദ്മി പാര്‍ട്ടി പ്രചരണം നടത്തും.
അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെങ്കില്‍ ഞായറാഴ്ച പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. പ്രതിഷേധം കൊണ്ട് കെജ്രിവാള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പറഞ്ഞു.
റേഷന്‍ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുന്ന പദ്ധതിക്ക് അനുമതി ലഭിക്കാത്തതിനെതിരെ എഎപി എംപിമാരും എംഎല്‍എമാരും പ്രധാനമന്ത്രിക്ക് റേഷന്‍ പാക്കറ്റുകള്‍ അയച്ച് പ്രതിഷേധിച്ചു. ഡല്‍ഹിയിലെ പരിസ്ഥിതി മലിനീകരണ വിഷയത്തില്‍ മന്ത്രി വിളിച്ച ചേര്‍ത്ത യോഗത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കാത്തതിനെ കെജ്രിവാള്‍ അടക്കമുള്ളവരും വിമര്‍ശിച്ചു.