പ്രധാനമന്ത്രിയുടെ വസതിയിലേക്ക് എഎപി മാര്‍ച്ച് നടത്തി

Update: 2018-06-18 06:41 GMT
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് എഎപി മാര്‍ച്ച് നടത്തി
Advertising

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത മാര്‍ച്ച് പൊലീസ് പാര്‍ലമെന്റ് സ്ട്രീറ്റില്‍ തടഞ്ഞു.

ഡല്‍ഹിയിലെ ഐഎഎസ് സമരത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആം ആദ്‍മി പാര്‍ട്ടി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത മാര്‍ച്ച് പൊലീസ് പാര്‍ലമെന്റ് സ്ട്രീറ്റില്‍ തടഞ്ഞു. ഡല്‍ഹിയിലെ പ്രശ്നങ്ങളില്‍ അടിയന്തരമായി ഇടപെടണമെന്ന് നീതി അയോഗ് യോഗത്തിനിടെ നാല് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. എന്നാല്‍ മണ്ടിഹൌസ് മെട്രോ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പൊലീസ് പാര്‍ലമെന്റ് സ്ട്രീറ്റില്‍ വെച്ച് തടഞ്ഞു. സംസ്ഥാനത്തിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റുമാണിതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകളെ വിമര്‍ശിച്ച് മാര്‍ച്ചില്‍ പങ്കെടുത്ത ‌സീതാറാം യെച്ചൂരി പറഞ്ഞു.

നീതി ആയോഗ് യോഗത്തിനിടെ മുഖ്യമന്ത്രിമാരായ മമതാ ബാനര്‍ജി, പിണറായി വിജയന്‍, എച്ച് ഡി കുമാരസ്വാമി, ചന്ദ്രബാബു നായിഡു എന്നിവര്‍ പ്രധാനമന്ത്രിയെ കണ്ട് പ്രശ്നങ്ങളില്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു. ഇന്നലെ കെജ്‍രിവാളിന്റെ വസതിയിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിമാര്‍ ആവശ്യം ഉന്നയിച്ചത്.

ഇതിനിടെ നീതി ആയോഗ് യോഗത്തില്‍ ലഫ്റ്റ്നന്റ് ഗവര്‍ണര്‍ പങ്കെടുക്കുന്നതിനെതിരെ കെജ്‍രിവാള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഭരണഘടനയുടെ ഏത് വ്യവസ്ഥയാണ് മുഖ്യമന്ത്രിക്ക് പകരം ലഫ്റ്റനന്റ് ഗവര്‍ണറിന് അധികാരം നല്‍കുന്നതെന്നായിരുന്നു കെജ്‍രിവാളിന്റെ ട്വീറ്റ്. എന്നാല്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നത് വസ്തുതാവിരുദ്ധമാണെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അമിതാഭ്കാന്ത് ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രി കെജ്‍രിവാളും മന്ത്രിമാരും നടത്തുന്ന സമരം ഏഴാം ദിവസവും തുടരുമ്പോള്‍ ആം ആദ്‍മി പാര്‍ട്ടി പുറത്ത് വലിയ സമരങ്ങളിലേക്ക് കടന്നു കഴിഞ്ഞു. അതിനിടെ സമരത്തിലാണെന്ന ആരോപണം ഐഎ എസ് അസോസിയേഷന്‍ തള്ളി. തങ്ങള്‍ പ്രവർത്തിക്കുന്നത് ഭരണഘടനാപരമായാണെന്നും ഐഎഎസ് ഉദ്യോഗസ്ഥരെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

Tags:    

Similar News