മന്ദ്സൌര്‍ വെടിവെപ്പ്: പൊലീസിനെ വെള്ളപൂശി അന്വേഷണ റിപ്പോര്‍ട്ട്

കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിന് മന്ദ്സോറില്‍ കര്‍ഷക പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു.

Update: 2018-06-19 13:01 GMT
Advertising

മധ്യപ്രദേശിലെ മന്ദ്സൌര്‍ വെടിവെപ്പില്‍ പൊലീസിനെ വെള്ള പൂശി ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട്. സമരക്കാര്‍ പൊലീസിനു നേരെ തിരിഞ്ഞപ്പോള്‍ സ്വയം രക്ഷക്കായാണ് പൊലീസ് വെടിവെച്ചതെന്നാണ് റിപ്പോര്‍ട്ടിലുളളത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിന് മന്ദ്സോറില്‍ കര്‍ഷക പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു. സമരം ചെയ്യുകയായിരുന്ന കര്‍ഷകര്‍ക്ക് നേരെ സ്വയ രക്ഷക്കായാണ് പൊലീസ് വെടിവെച്ചത് എന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. സമരക്കാര്‍ പൊലീസിന് നേരെ തിരിഞ്ഞപ്പോള്‍ വേറെ വഴിയില്ലായിരുന്നു. അതിനാല്‍ നിയമപരമായാണ് വെടിവെച്ചത് എന്നും റിപ്പോര്‍ട്ടിലുണ്ട്.

റിട്ടയേര്‍ഡ് ജ‍ഡ്ജി എകെ ജെയിനിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവം അന്വേഷിച്ചിരുന്നത്. റിപ്പോര്‍ട്ട് മന്ത്രിസഭക്ക് മുന്നില്‍ വെച്ചു. വെടിവെപ്പുണ്ടായി ദിവസങ്ങള്‍ക്കകമാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

കാര്‍ഷിക വിളകള്‍ക്ക് മാന്യമായ വില നല്‍കണമെന്നും വായ്പ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂണ്‍ 6 ന് കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. അഞ്ച് പേര്‍ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. ഒരാള്‍ രണ്ട് ദിവസത്തിന് ശേഷവും മരിച്ചു.

വെടിവെപ്പിന്‍റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ രാഹുല്‍ ഗാന്ധി പ്രദേശത്ത് സന്ദര്‍ശനം നടത്തിയിരുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ 10 ദിവസത്തിനകം കാര്‍ഷിക ലോണ്‍ എഴുതിത്തള്ളുമെന്നും രാഹുല്‍ പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News