സെപ്റ്റംബര്‍ 5 ന് ഇടത് തൊഴിലാളി- കര്‍ഷക സംഘടനകളുടെ പാര്‍ലമെന്‍റ് മാര്‍ച്ച്
പൊതു തെരഞ്ഞെടുപ്പ് വരെ നീണ്ടു നില്‍ക്കുന്ന സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങിയിരിക്കുകയാണ് ഇടത് കര്‍ഷക-തൊഴിലാളി സംഘടനകള്‍
മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പൊതു തെരഞ്ഞെടുപ്പ് വരെ നീണ്ടു നില്‍ക്കുന്ന സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങി ഇടത് കര്‍ഷക-തൊഴിലാളി സംഘടനകള്‍. കിസാന്‍ സഭ, സിഐറ്റിയു, അഖിലേന്ത്യാ കര്‍ഷക തൊഴിയലാളി യൂണിയന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 5ന് പാര്‍ലമെന്‍റ് റാലി നടക്കും. ഇതിന് മുന്നോടായി ജില്ലാ കേന്ദ്രങ്ങളില്‍ ജയില്‍ നിറക്കല്‍ അടക്കമുള്ള സമര പരിപാടികള്‍ക്കും ആഹ്വാനം ചെയ്തിട്ടുണ്ട്.
കര്‍ഷക -തൊഴിലാളി വിരുദ്ധ നയങ്ങള്‍ പരിഷ്കരിക്കുക, വിവിധ മേഖലകളിലെ 100 ശതമാനം വിദേശ നിക്ഷേപാനുമതി പിന്‍വലിക്കുക, വിലക്കയറ്റം തടയുക തുടങ്ങി 15 ഇന ആവശ്യങ്ങള്‍ മുന്നോട്ട് വച്ചാണ് സമരങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. മസ്ദൂര്‍ കിസാന്‍ സംഘര്‍ഷ് റാലി എന്ന പേരില്‍ സെപ്റ്റംബര്‍ അഞ്ചിന് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തും. ഇതിന് മുന്നോടിയായി ആഗസ്റ്റ് 9 ന് ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ്ണയും ജയില്‍ നിറക്കലും നടക്കും. 10 കോടി കര്‍ഷകര്‍ ഒപ്പിട്ട നിവേദനം ജില്ലാ കളക്ടര്‍മാര്‍ക്ക് കൈമാറും
കഴിഞ്ഞ നാല് വര്‍ഷമായി രാജ്യം പിറകോട്ടാണ് പോകുന്നത്, ഉള്ള തൊഴിലവസരങ്ങള്‍ ഇല്ലാതാകുന്നു. തൊഴില്‍ വര്‍ധിക്കുന്നുവെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് അവരുടെ കണക്കുള്‍ കൊണ്ട് തന്നെ തെളിയിക്കാനാകുമെന്ന് സിഐടിയു നേതാവ് തപന്‍ സെന്‍ കുറ്റപ്പെടുത്തുന്നു.
ആഗസ്റ്റ് 14 ന് രാത്രി എല്ലാ പ്രധാന നഗരങ്ങളിലും സി.ഐ.ടി.യു വിന്‍റെ ആഭിമുഖ്യത്തില്‍ സമര പരിപാടികളുണ്ടാകുമെന്നും യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. ദേശീയാടിസ്ഥാനത്തില്‍ ഇതാദ്യമായാണ് കിസാന്‍ സഭ യും സിഐറ്റിയു കര്‍ഷക തൊഴിലാളി യൂണിയനും ഒന്നിച്ച് സമരത്തിനിറങ്ങുന്നത്.