പശുക്കടത്ത്: ഹാപ്പൂര്‍ ആക്രമണത്തിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്
ഉത്തര്‍പ്രദേശിലെ ഹാപ്പൂറില്‍ പശുക്കടത്ത് ആരോപിച്ച് കാസിം, സമായുദ്ധീന്‍ എന്നിവരെയാണ് ഒരു സംഘം ആക്രമിച്ചത്. മര്‍ദ്ദനത്തിനൊടുവില്‍ കാസിം കൊല്ലപ്പെട്ടു. 65 വയസുകാരനായ സമായുദ്ധീന് നേരെയുണ്ടായ ആക്രമണം
ഹാപ്പൂറില്‍ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം നടത്തിയ ആക്രമണത്തിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ആക്രമണത്തിന് ഇരയായ സമായുദ്ധീനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പരിക്കേറ്റ സമായുദ്ധീന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ഉത്തര്‍പ്രദേശിലെ ഹാപ്പൂറില്‍ പശുക്കടത്ത് ആരോപിച്ച് കാസിം, സമായുദ്ധീന്‍ എന്നിവരെയാണ് ഒരു സംഘം ആക്രമിച്ചത്. മര്‍ദ്ദനത്തിനൊടുവില്‍ കാസിം കൊല്ലപ്പെട്ടു. 65 വയസുകാരനായ സമായുദ്ധീന് നേരെ നടന്ന ആക്രമണത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പശുവിനെ കശാപ്പ് ചെയ്യാനാണ് എത്തിയതെന്ന് സമായുദ്ധീനോട് പറയാന്‍ മര്‍ദ്ദിക്കുന്നവര്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ ഉണ്ട് . ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന സമായുദ്ധീനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോള്‍ കൈയ്യില്‍ മഷി പുരട്ടിയത് കണ്ടതായി സഹോദരന്‍ നേരത്തെ ആരോപിച്ചിരുന്നു.
കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നതിന്‍റെ തെളിവാണ് ഇതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. സംഭവത്തില്‍ പൊലീസ് രണ്ട് പേരുടെ അറസ്റ്റ് മാത്രമേ നിലവില്‍ രേഖപ്പെടുത്തിയിട്ടുള്ളു. ബൈക്ക് അപകടത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.