എന്‍.എസ്.യു.ഐ ദേശീയ പ്രസിഡന്റ് ഫൈറോസ് ഖാനെതിരെ ലൈംഗികാതിക്രമ ആരോപണം; അന്വേഷണമാരംഭിച്ചെന്ന് കോണ്‍ഗ്രസ്
സംഘടന സ്ഥാനങ്ങള്‍ക്ക് പകരമായി തന്നോടും സഹോദരിയോടും ഫൈറോസ് ഖാന്‍ മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നാണ് യുവതിയുടെ പരാതി.
എന്‍.എസ്.യു.ഐ ദേശീയ പ്രസിഡന്റ് ഫൈറോസ് ഖാനെതിരായ ലൈംഗികാതിക്രമ ആരോപണത്തില്‍ കോണ്‍ഗ്രസ് അന്വേഷണമാരംഭിച്ചു.
ഛത്തീസ്‍ഗഢ് എന്‍.എസ്.യു.ഐ നേതാവായ പെണ്‍കുട്ടിയാണ് ഫൈറോസ് ഖാനെതിരെ ആരോപണം ഉന്നയിച്ചത്. സംഘടന സ്ഥാനങ്ങള്‍ക്ക് പകരമായി തന്നോടും സഹോദരിയോടും ഫൈറോസ് ഖാന്‍ മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നാണ് യുവതിയുടെ പരാതി.
ഞായറാഴ്ചയാണ് ഛത്തീസ്‍ഗഢ് എന്‍.എസ്.യു.ഐ നേതാവായ പെണ്‍കുട്ടിയുടെ കത്ത് പുറത്ത് വന്നത്. തന്നെയും സഹോദരിയെയും എന്‍.എസ്.യു.ഐ പ്രസിഡന്റ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്നായിരുന്നു കത്തിലെ ഉള്ളടക്കം. പല തവണ ഫൈറോസ് ഖാന്‍ മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. സംഘടനക്കകത്ത് സമാന അനുഭവമുള്ള പെണ്‍കുട്ടികള്‍ അനവധിയുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംഘടനക്കകത്ത് ഇന്റേണല്‍ കംപ്ലെയിന്‍സ് കമ്മിറ്റി ഇല്ല.
എന്‍.എസ്.യു.ഐവിന്റെ ചുമതലയുള്ള രുചി ഗുപ്തയെ വിവരം ധരിപ്പിച്ചെങ്കിലും കണ്ടില്ലെന്ന് നടിച്ചെന്നും കത്തില്‍ പറയുന്നു. സംഭവം വാര്‍ത്തയായതോടെ സ്വമേധയ കേസെടുത്ത കോണ്‍ഗ്രസ് അന്വേഷണത്തിനായി സമിതി രൂപീകരിച്ചു. അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ്, ലോക്സഭ എംപി ദീപേന്ദര്‍ ഹൂഡ, രാഗിണി നായിക്ക് എന്നിവരാണ് സമിതി അംഗങ്ങള്‍. ഇവര്‍ പെണ്‍കുട്ടില്‍ നിന്നും വിവരം ശേഖരിച്ചു.
ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഫിറോസ്‍ ഖാനും പരാതി ലഭിച്ചിട്ടില്ലെന്ന് രുചി ഗുപ്തയും പ്രതികരിച്ചു.