സ്ഥലം മാറ്റം ആവശ്യപ്പെട്ട ടീച്ചറെ അറസ്റ്റ് ചെയ്യാന്‍ ആക്രോശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

വീഡിയോ പുറത്ത് വന്നതോടെ സാമൂഹ്യമാധ്യമങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

Update: 2018-06-29 11:21 GMT
Advertising

ജന്‍ദര്‍ബാറില്‍ ജോലി സ്ഥലം മാറ്റം ആവശ്യപ്പെട്ട് തര്‍ക്കിച്ച ടീച്ചറെ അറസ്റ്റ് ചെയ്യാനും സസ്പെന്‍ഡ് ചെയ്യാനും മുഖ്യമന്ത്രിയുടെ ആക്രോശം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന്റേതാണ് നിര്‍ദേശം. അപമര്യാദയായി പെരുമാറി എന്നും അധിക്ഷേപിച്ചെന്നും ആരോപിച്ചാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

ഉത്തര കാശിയിലെ നൌഗണിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ അധ്യപികയാണ് ഉത്തര ബഹുഗുണ. 25 വര്‍ഷമായി ഉള്‍നാടന്‍ മേഖലയില്‍ ജോലിചെയ്യുന്നു എന്നും സ്ഥലം മാറ്റം വേണം എന്നുമായിരുന്നു ആവശ്യം.

മൂന്ന് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതിനാല്‍ കുട്ടികള്‍ക്കൊപ്പം കഴിയാന്‍ ഡെറാഡൂണിലേക്ക് മാറ്റിത്തരണമെന്ന ആവശ്യം നിരാകരിക്കുകയായിരുന്നു. തുടര്‍ന്ന് തര്‍ക്കിക്കാനാരംഭിച്ച ഉത്തരയെ സസ്പെന്‍ഡ് ചെയ്യാനും അറസ്റ്റ് ചെയ്യാനുമായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. പൊതുപരിപാടി അലങ്കോലമാക്കിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഉത്തരയെ പിന്നീട് വിട്ടയച്ചു.

മുഖ്യമന്ത്രിയുടെ അക്ഷമയും ധാര്‍ഷ്ട്യവുമാണിതെന്ന് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കുറ്റപ്പെടുത്തി. വീഡിയോ പുറത്ത് വന്നതോടെ സാമൂഹ്യമാധ്യമങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

Tags:    

Similar News