നീരവിനായി ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്
നീരവിനെ കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്യാനോ തടഞ്ഞുവെക്കാനോ രാജ്യങ്ങള്‍ക്ക് ഇന്റര്‍പോള്‍ നിര്‍ദ്ദേശം നല്‍കി
പി.എന്‍.ബി വായ്പ തട്ടിപ്പ് കേസ് മുഖ്യപ്രതി നീരവ് മോദിയ്ക്കായി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കി. സി.ബി.ഐയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് നടപടി. നീരവിനെ കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്യാനോ തടഞ്ഞുവെക്കാനോ രാജ്യങ്ങള്‍ക്ക് ഇന്റര്‍പോള്‍ നിര്‍ദ്ദേശം നല്‍കി.
പി.എന്‍.ബിയുടെ അനധികൃത ജാമ്യപത്രമുപയോഗിച്ച് ഇന്ത്യന്‍ ബാങ്കുകളുടെ വിദേശശാഖകളില്‍ നിന്ന് 13000 കോടിയോളമാണ് നീരവ് മോദിയും സംഘവും തട്ടിയത്. തട്ടിപ്പ് നടത്തിയശേഷം വിദേശത്തേക്ക് കടന്ന നിരവും കൂട്ടരും എവിടെയാണ് ഉള്ളതെന്ന് ഇപ്പോഴും അവ്യക്തമാണ്. ഇന്ത്യന്‍ പാസ്പോര്‍ട്ട് റദ്ദാക്കിയശേഷവും നീരവ് വിദേശത്ത് മറ്റൊരുപാസ്പോര്‍ട്ട് ഉപയോഗിച്ച് യാത്രകള്‍ നടത്തിയ വാര്‍ത്തകള്‍ വന്നതോടെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ വീണ്ടും ഇന്റര്‍പോളിനെ സമീപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് നീരവിനെതിരെ 192 രാജ്യങ്ങളില്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. സാമ്പത്തിക കുറ്റകൃത്യമാണ് നീരവിന്റെ പേരില്‍ ഇന്റര്‍പോള്‍ ചുമത്തിയിരിക്കുന്നത്. നീരവിനെ കണ്ടെത്തിയാല്‍ ഇന്ത്യക്ക് കൈമാറുന്ന നടപടിള്‍ പൂര്‍ത്തിയാക്കുന്നത് വരെ അറസ്റ്റ് ചെയ്യുകയോ തടഞ്ഞുവെക്കുകയോ ചെയ്യണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. വായ്പതട്ടിപ്പ് കേസില്‍ നീരവിനേയും കൂട്ടാളികള്‍ക്കുമെതിരെ സി.ബി.ഐ മുംബൈ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസിലെ മറ്റ് പ്രതിയായ മെഹുല്‍ ചോക്സിക്കുവേണ്ടിയും സി.ബി.ഐ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.