2,600 കുട്ടികളുള്ള സ്കൂളില്‍ ആകെയുള്ളത് 2 ശൌചാലയം, മാലിന്യക്കുഴിയായി സ്കൂള്‍ ഗ്രൌണ്ട്

സൌകര്യങ്ങളുടെ അപര്യാപ്തത മൂലം രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്

Update: 2018-07-04 06:14 GMT
Advertising

ഒരു സ്കൂള്‍ എങ്ങിനെയാകരുത് എന്നതിന് തെളിവാണ് വടക്ക്കിഴക്ക് ഡല്‍ഹിയിലെ കാരവാള്‍ നഗറിലുള്ള സര്‍ക്കാര്‍ എയ്ഡഡ് സ്കൂള്‍. കാരണം അത്രയേറെ ദയനീയമാണ് ഈ സ്കൂളിലെ അവസ്ഥ. ചുവരുകള്‍ അടര്‍ന്ന്, ജനാല പോലുമില്ലാത്ത ഈ സ്കൂളിലാണ് 2,600 കുട്ടികള്‍ വിദ്യ തേടിയെത്തുന്നത്. ഈ കുട്ടികള്‍ക്കായി ആകെയുള്ളത് രണ്ട് ശൌചാലയങ്ങളും. സ്കൂള്‍ മൈതാനമാണെങ്കില്‍ മലിനജലത്തില്‍ നിറഞ്ഞിരിക്കുകയാണ്.

സൌകര്യങ്ങളുടെ അപര്യാപ്തത മൂലം രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. 1300 പെണ്‍കുട്ടികള്‍ രാവിലെയും 1300 ആണ്‍കുട്ടികള്‍ വൈകിട്ടത്തെ ക്ലാസുകളിലുമാണ് പഠിക്കുന്നത്. 1976ലാണ് സ്കൂള്‍ സ്ഥാപിതമാകുന്നത്. 1982ല്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. മുന്‍പ് ഒരു സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. സര്‍ക്കാരില്‍ നിന്നുള്ള 95 ശതമാനം ഫണ്ടുകളും ഇവരാണ് കൈപ്പറ്റിയിരുന്നത്. 1995 ഓടെ സ്കൂളിന്റെ മുഴുവന്‍ നടത്തിപ്പും സര്‍ക്കാര്‍ ഫണ്ടിന്‍മേലായി.

സ്കൂളിലേക്ക് ബള്‍ബ് നല്‍കുന്നതു പോലും ചില അധ്യാപകരാണ്. അടിസ്ഥാന സൌകര്യങ്ങള്‍ പോലുമില്ലാതെയാണ് തങ്ങള്‍ പഠിക്കുന്നതെന്ന് ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥി പറഞ്ഞു. താന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള സ്ഥിതിക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു മാറ്റമുണ്ടായിട്ടില്ല. കുടിവെള്ളം വിതരണത്തിനുള്ള പൈപ്പ് പൊട്ടിയിരിക്കുകയാണ്. സ്കൂളിലേക്ക് ഡല്‍ഹി ജല്‍ ബോര്‍ഡില്‍ നിന്നുള്ള വാട്ടര്‍ കണക്ഷന്‍ പോലുമില്ല. അറ്റകുറ്റപ്പണികള്‍ നടത്തിയിട്ട് കാലങ്ങളായി. സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് കുട്ടികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാലെ സര്‍ക്കാര്‍ ശ്രദ്ധിക്കുകയുള്ളുവെന്ന് അധ്യാപകര്‍ പറയുന്നു. വേണ്ടത്ര അധ്യാപകരില്ലാത്തതും കുട്ടികളെ വലയ്ക്കുന്നുണ്ട്. പല വട്ടം സര്‍ക്കാരിന് പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് വൈസ് പ്രിന്‍സിപ്പാള്‍ നരേഷ് പാല്‍ പറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പ് പിഡബ്ല്യു ഡി സ്കൂളിന്റെ മതിലുകള്‍ തകര്‍ത്തു. പൊലീസിന് പരാതി നല്‍കിയെങ്കിലും ഫലമൊന്നുമുണ്ടായില്ലെന്നും നരേഷ് പാല്‍ പറഞ്ഞു.

സ്കൂളിന്റെ സ്ഥിതിയെക്കുറിച്ച് പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു എന്‍ജിഒ സംഘടനയുടെ ഹരജിയില്‍ വാദം കേള്‍ക്കവെയായിരുന്നു കോടതി ഉത്തരവ്.

Tags:    

Similar News