സിസിടിവി തുണച്ചു; ഹൈദരബാദില്‍ നിന്ന് കാണാതായ നവജാത ശിശുവിനെ കിട്ടിയത് കര്‍ണാടകയില്‍ നിന്ന്
ഞായറാഴ്ചയാണ് കുഞ്ഞിനെ കാണാതെയായത്. ആശുപത്രി ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ സ്ത്രീ കുത്തിവെപ്പെടുക്കാനെന്ന് പറഞ്ഞ് അമ്മയില്‍ നിന്ന് കുഞ്ഞിനെ കൊണ്ടുപോകുകയായിരുന്നു.
രണ്ട് സംസ്ഥാനങ്ങളിലായി നടത്തിയ പൊലീസ് അന്വേഷണത്തിന് ഫലം കണ്ടു. ആറുദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കണ്ടെടുക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് അന്വേഷണസംഘം. ഹൈദരബാദിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ നിന്ന് കാണാതായ കുഞ്ഞിനെ കണ്ടെത്തുന്നത് 150 കിലോമീറ്റര്‍ അകലെ കര്‍ണാടകയ്ക്ക് സമീപമുള്ള ബിദറില്‍ നിന്ന്.
സിസിടിവികളുടെ സഹായത്തോടെ ഇരു സംസ്ഥാനങ്ങളിലുമായി പൊലീസ് സംഘം നടത്തിയ തെരച്ചില്‍ ഫലം കാണുകയായിരുന്നു. ആശുപത്രിയിലെയും ഹൈദരബാദ് ബസ് ടെര്‍മിനലിലെയും സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കുറിച്ചുള്ള സൂചന നല്‍കിയിട്ടുള്ളത്.
ഞായറാഴ്ചയാണ് കുഞ്ഞിനെ കാണാതെയായത്. ആശുപത്രി ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ സ്ത്രീ കുത്തിവെപ്പെടുക്കാനെന്ന് പറഞ്ഞ് അമ്മയില്‍ നിന്ന് കുഞ്ഞിനെ കൊണ്ടുപോകുകയായിരുന്നു. കുഞ്ഞിന്‍റെ അച്ഛന്‍ ആ സമയം മറ്റു കടലാസുകള്‍ തയ്യാറാക്കുന്നതിനാവശ്യമായ ഫോട്ടോകോപ്പികള്‍ എടുക്കാന്‍ പുറത്ത് പോയതായിരുന്നു. നേരത്തെയും സമാന സംഭവങ്ങള്‍ ആശുപത്രിയില്‍ ഉണ്ടായിട്ടുണ്ട്.
മണിക്കൂറൂകള്‍ കഴിഞ്ഞിട്ടും കുഞ്ഞിനെ തിരിച്ചെത്തിക്കാതെയായതോടെയാണ് അന്വേഷണം ആരംഭിച്ചത്. കുത്തിവെപ്പ് എടുക്കാനെന്ന് പറഞ്ഞതുകൊണ്ട്, കുഞ്ഞുമായി ബന്ധപ്പെട്ട രേഖകളുടെ ഫയലും ആ സ്ത്രീ അമ്മയില്‍ നിന്ന് കൈക്കലാക്കിയിരുന്നു. അതുകൊണ്ടുതന്നെ സുരക്ഷാഉദ്യോഗസ്ഥര്‍ക്ക് പരിശോധിച്ചെങ്കിലും സംശയം തോന്നിയില്ല.
ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞ സ്ത്രീയുടെ ദൃശ്യങ്ങള്‍ ബസ് സ്റ്റാന്റിലെ സിസിടിവിയിലും പതിഞ്ഞതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. സ്ത്രീ കര്‍ണാടയിലെ ബിദറിലേക്കുള്ള ബസ്സില്‍ കയറിയതായി ദൃശ്യങ്ങളില്‍ വ്യക്തമായി. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സ്ത്രീക്ക് ഏതെങ്കിലും മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.