നേപ്പാളില്‍ കുടുങ്ങിയ ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ രക്ഷാപ്രവര്‍ത്തനം ഏകദേശം പൂര്‍ത്തിയായെന്ന് ഇന്ത്യന്‍ എംബസി
അതിനിടെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
കൈലാസ തീര്‍ത്ഥാടനത്തിനിടെ നേപ്പാളില്‍ കുടുങ്ങിയ ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ രക്ഷാപ്രവര്‍ത്തനം ഏകദേശം പൂര്‍ത്തിയായെന്ന് ഇന്ത്യന്‍ എംബസി. ആശങ്കകള്‍ ഒഴിഞ്ഞെന്നും എംബസി അധികൃതര്‍ അറിയിച്ചു. അതിനിടെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് നേപ്പാളിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയിരുന്ന കൈലാസ തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തിയത്. ദുര്‍ഘട മേഖലയായ ഹില്‍സില്‍ നിന്നും തീര്‍ത്ഥാടകരെ പൂര്‍ണമായും പുറത്തെത്തിച്ചെന്ന് നേപ്പാളിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
അവശേഷിക്കുന്നവരുള്ളത് സിമിക്കോട്ടിലാണ്, ഇവരില്‍ മലയാളികളും ഉണ്ടെന്നാണ് സൂചന. കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് വൈകുന്നേരത്തോടെ ഇവരെ സുരക്ഷിത സ്ഥാനമായ നേപ്പാള്‍ഗഞ്ചിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ പറഞ്ഞു. ഇറങ്ങുന്ന സമയത്തെ തിരക്ക് കണക്കിലെടുത്ത് സംഘാങ്ങളെ ഒപ്പം നിര്‍ത്തണമെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കൈലാസ തീര്‍ത്ഥാടകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സിമിക്കോട്ടിലെയും ഹില്‍സിലെയും കാലാവസ്ഥയും അടിസ്ഥാന സൌകര്യങ്ങളെയും കുറിച്ച് വിശദീകരണങ്ങളടങ്ങുന്നതാണ് പുതിയ മാര്‍ഗ നിര്‍ദേശം. കൈലാസ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന 1575 ഇന്ത്യന്‍ തീര്‍ത്ഥാടകരാണ് നേപ്പാളിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയിലും മണ്ണിടിച്ചിലും കുടുങ്ങിയിരുന്നത്.