“ത്രിപുരയില്‍ സന്തോഷം അലയടിക്കുകയാണ്”; ആള്‍ക്കൂട്ട കൊലപാതകത്തെ കുറിച്ചുള്ള ചോദ്യത്തിന് ബിപ്ലബ് ദേബിന്‍റെ മറുപടി
നാല് പേരാണ് കഴിഞ്ഞയാഴ്ച ത്രിപുരയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ത്രിപുരയില്‍ സന്തോഷം അലയടിക്കുകയാണെന്ന മറുപടിയുമായി മുഖ്യമന്ത്രി ബിപ്ലബ് ദേബ്. നാല് പേരാണ് കഴിഞ്ഞ ആഴ്ച ത്രിപുരയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന ചോദ്യത്തോട് ബിപ്ലബ് പ്രതികരിച്ചതിങ്ങനെ:
"ത്രിപുരയില്‍ സന്തോഷം അലയടിക്കുകയാണ്. ഇത് ആസ്വദിക്കാനായാല്‍ നിങ്ങള്‍ക്കും സന്തോഷിക്കാനാകും. എന്റെ മുഖത്തേക്ക് നോക്കൂ, ഞാനും സന്തോഷവാനാണ്. ത്രിപുരയിലുള്ളത് ജനങ്ങളുടെ സര്‍ക്കാരാണ്. ജനങ്ങള്‍ തന്നെ നടപടിയെടുക്കും". അക്രമികള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് പറയുന്നതിന് പകരം ഇത്തരത്തില്‍ പ്രതികരിച്ച ബിപ്ലബ് ദേബിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയാണ്.
അഗര്‍ത്തലയില്‍ 11 വയസ്സുകാരനായ പൂര്‍ണ ബിശ്വാസിനെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അക്രമം തുടങ്ങിയത്. കുട്ടിയുടെ ശരീരത്തില്‍ നിന്നും വൃക്ക നീക്കം ചെയ്യപ്പെട്ടിരുന്നുവെന്ന വാര്‍ത്ത പരന്നതോടെ കൊലയ്ക്ക് പിന്നില്‍ അവയവക്കടത്തുകാരാണെന്ന അഭ്യൂഹം പരന്നു. ഇതോടെ ആള്‍ക്കൂട്ടം നിയമം കയ്യിലെടുത്തു. 48 മണിക്കൂറിനുള്ളില്‍ നാല് പേരെയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നത്.