സുപ്രിംകോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്തേക്കും; ആവശ്യം കോടതി തത്വത്തില്‍ അംഗീകരിച്ചു
അഭിഭാഷകര്‍ക്കും നിയമ വിദ്യാര്‍ഥികള്‍ക്കും കേസ് നല്‍കിയവര്‍ക്കും ഉപകാരപ്പെടും എന്ന് വിലയിരുത്തിയാണ് കോടതി നടപടികളുടെ തത്സമയ സംപ്രേഷണം എന്ന ആവശ്യത്തിന് സുപ്രിംകോടതി പച്ചകൊടി കാണിച്ചത്.
സുപ്രിംകോടതി നടപടികള്‍ തത്സമയം കാണാനാകണമെന്ന ആവശ്യം കോടതി തത്വത്തില്‍ അംഗീകരിച്ചു. തത്സമയ സംപ്രേഷണത്തെ പിന്തുണച്ച് കേന്ദ്രസര്‍ക്കാരും കോടതിയില്‍ നിലപാടറിയിച്ചു. ഇക്കാര്യത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന് കോടതി നിര്‍ദ്ദേശം നല്‍കി.
അഭിഭാഷകര്‍ക്കും നിയമ വിദ്യാര്‍ഥികള്‍ക്കും കേസ് നല്‍കിയവര്‍ക്കും ഉപകാരപ്പെടും എന്ന് വിലയിരുത്തിയാണ് കോടതി നടപടികളുടെ തത്സമയ സംപ്രേഷണം എന്ന ആവശ്യത്തിന് സുപ്രിംകോടതി പച്ചകൊടി കാണിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റേതാണ് നടപടി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും കോടതിയില്‍ അനുകൂല നിലപാട് സ്വീകരിച്ചു. ഭരണഘടനാ ബെഞ്ചിന്റെ മാത്രമല്ല മുഴുവൻ കോടതി നടപടികളും സംപ്രേക്ഷണം ചെയ്യണം. എന്നാല്‍ വിവാഹ തർക്കം, രഹസ്യ സ്വഭാവമുള്ള കേസുകൾ എന്നിവയെ ഒഴിവാക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. ഇത് ശരി വച്ച കോടതി, തത്സമയ സംപ്രേഷണം സംബന്ധിച്ച വിശദമായ മാര്‍ഗ്ഗ രേഖയും ചെലവ് വിവരങ്ങളും അറിയിക്കാന്‍ എ.ജിക്ക് നിര്‍ദ്ദേശം നല്‍കി.
ഈ മാസം 23 ന് കേസ് വീണ്ടും പരിഗണിക്കും. അതിന് മുമ്പ് എ.ജി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണം എന്നാവശ്യപ്പെട്ട് മുതര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് നല്‍കിയ ഹരജിയിലാണ് ഈ സുപ്രധാന നീക്കങ്ങള്‍. സുപ്രിംകോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്ന് ആരോപിച്ച് മുതിര്‍ന്ന നാല് ജഡ്ജിമാര്‍ ജനുവരിയില്‍ വാര്‍ത്ത സമ്മേളനം നടത്തിയതിന് പിന്നാലെയായിരുന്നു ഇന്ദിര ജയ്സിങ് ഇക്കാര്യത്തില്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.