സ്വവര്‍ഗാനുരാഗം ഹിന്ദുത്വത്തിന് എതിര്; ചികിത്സ കണ്ടെത്തണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
പ്രകൃതിവിരുദ്ധവും ഹിന്ദുത്വത്തിന് എതിരുമാണ് സ്വവര്‍ഗാനുരാഗം. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമോയെന്നത് സംബന്ധിച്ച് ഇന്ത്യ ഗവേഷണം നടത്തണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി
സ്വവര്‍ഗാനുരാഗം ഇന്ത്യയില്‍ പ്രോത്സാഹിപ്പിക്കരുതെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. പ്രകൃതിവിരുദ്ധവും ഹിന്ദുത്വത്തിന് എതിരുമാണ് സ്വവര്‍ഗാനുരാഗം. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമോയെന്നത് സംബന്ധിച്ച് ഇന്ത്യ ഗവേഷണം നടത്തണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി അഭിപ്രായപ്പെട്ടു.
പ്രായപൂര്‍ത്തിയായവര്‍ക്കിടയിലെ സ്വവര്‍ഗാനുരാഗം കുറ്റകൃത്യമായി കണക്കാക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 377നെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശം. സ്വവര്‍ഗാനുരാഗം ആഘോഷിക്കപ്പെടേണ്ടതല്ലെന്നും അത് സ്വാഭാവിക ലൈംഗികതയല്ലെന്നുമാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ അഭിപ്രായം.
മുന്‍പും സുബ്രഹ്മണ്യന്‍ സ്വാമി സ്വവര്‍ഗാനുരാഗത്തിനെതിരെ നിലപാട് വ്യക്തമാക്കിയിരുന്നു. സ്വവര്‍ഗ ലൈംഗികത ആഘോഷിക്കപ്പെടാത്ത കാലത്തോളം പ്രശ്നമല്ല. സ്വകാര്യമായി അവര്‍ക്ക് എന്തുമാവാം. പക്ഷേ പരസ്യമായി അവര്‍ അങ്ങനെ നടക്കാന്‍ തുടങ്ങിയാല്‍ 377ആം വകുപ്പ് ഉപയോഗിച്ച് നടപടിയെടുക്കണമെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി മുന്‍പ് പറഞ്ഞത്.