മാറ്റിവെച്ച ഇന്ത്യ-അമേരിക്ക ഉഭയകക്ഷി ചര്‍ച്ച സെപ്റ്റംബറില്‍
ജൂലൈ ആറിനായിരുന്നു ഉഭയകക്ഷി ചര്‍ച്ച നടക്കേണ്ടിയിരുന്നത്. സുഷമസ്വരാജും നിര്‍മ്മല സീതാരാമനും യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്കല്‍ പോംപെയും പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമായായിരുന്നു
നേരത്തെ മാറ്റി വെച്ച ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷിചര്‍ച്ച സെപ്റ്റംബറില്‍ നടക്കും. പ്രതിരോധ സഹകരണം അടക്കമുള്ള വിഷയങ്ങളാകും ചര്‍ച്ചയാകുക. റഷ്യയുമായുള്ള എസ് 400 മിസൈല്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ച നിര്‍ണ്ണായക ഘട്ടത്തിലാണെന്നെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലൈ ആറിനായിരുന്നു അമേരിക്കയും ഇന്ത്യയും തമ്മിലുള്ള നിര്‍ണ്ണായകമായ ഉഭയകക്ഷി ചര്‍ച്ച നടക്കേണ്ടിയിരുന്നത്. കേന്ദ്രമന്ത്രിമാരായ സുഷമസ്വരാജും നിര്‍മ്മല സീതാരാമനും യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്കല്‍ പോംപെയും പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമായായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ ഒഴിവാക്കാനാകാത്ത കാരണങ്ങള്‍ കൊണ്ട് ചര്‍ച്ച മാറ്റിവെക്കുന്നതായായിരുന്നു അമേരിക്കയുടെ വിശദീകരണം. ഈ ചര്‍ച്ചയാണ് സെപ്റ്റംബറില്‍ നടത്താന്‍ ഇപ്പോള്‍ അമേരിക്ക സമ്മതിച്ചിരിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണമടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുകയെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. റഷ്യയുമായുള്ള എസ് 400 മിസൈല്‍ കരാര്‍ സംബന്ധിച്ചുള്ള ചര്‍ച്ച നിര്‍ണ്ണായകഘട്ടത്തിലാണെന്നും നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി. എന്നാല്‍ കരാര്‍ പ്രാബല്യത്തിലാകാന്‍ 4 വര്‍ഷത്തോളം സമയമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് വര്‍ഗീയ കാര്‍ഡ് ഇറക്കി നടത്തുന്ന രാഷ്ട്രീയം 1947 ലെ ഇന്ത്യാ പാകിസ്ഥാന്‍ കാലത്തെ സ്ഥിതി സംജാതമാക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വിമര്‍ശിച്ചു.