പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ തിലക് വിഹാര്‍ പൊലീസ് സ്റ്റേഷനിലാണ് 17 കാരിയായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് വിഹാര്‍ പൊലീസ് സ്റ്റേഷനിലാണ് 17 കാരിയായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടി തനിക്ക് വീട്ടിലേക്ക് പോകാന്‍ ഇഷ്ടമില്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് ഡി.സി.പി വിജയ് കുമാര്‍ പറഞ്ഞു.
പെണ്‍കുട്ടിയെ അകത്ത് ഇരുത്തിയെങ്കിലും അല്‍പസമയം കഴിഞ്ഞ് നോക്കിയപ്പോള്‍ സ്റ്റേഷനിലെ ഒരു മുറിയില്‍ കയറി പൂട്ടിയ നിലയിലായിരുന്നു. ഉടന്‍ തന്നെ പൊലീസുകാര്‍ മുറിയുടെ വാതില്‍ ബലംപ്രയോഗിച്ച് തുറന്നു. അപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതേസമയം, മരിച്ച പെണ്‍കുട്ടിയുടെ മൂന്നു സഹോദരങ്ങളെ പൊലീസ് സ്റ്റേഷനിലെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി എന്നും ആരോപണമുണ്ട്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ അയല്‍ക്കാരന്‍ ശ്രമിച്ചിരുന്നുവെന്നും ഇതിന് പൊലീസ് കൂട്ടുനിന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. അയല്‍ക്കാരന്‍റെ മകനെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ മകളെ തട്ടിക്കൊണ്ടുപോകാന്‍ ചിലര്‍ ശ്രമിച്ചിരുന്നുവെന്ന് അമ്മ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മകളെ വിവാഹം കഴിച്ചുതരാന്‍ കഴിയില്ലെന്ന് അയല്‍ക്കാരനോട് പലവട്ടം താന്‍ വ്യക്തമാക്കിയതാണെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇരു കുടുംബങ്ങളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതാണെന്നും ഇവിടെ വച്ച് വലിയ വാക്കുതര്‍ക്കമുണ്ടായെന്നും പൊലീസ് പറയുന്നു. സ്വന്തം വീട്ടിലേക്ക് പോകാന്‍ ഇഷ്ടമല്ലെന്ന് പെണ്‍കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയെ നാരീ നികേതനിലാക്കാന്‍ പൊലീസ് തീരുമാനിച്ചു. ഇതിനിടെയാണ് തൊട്ടടുത്തുള്ള മുറിയില്‍ കയറി പെണ്‍കുട്ടി തൂങ്ങിമരിച്ചതെന്ന് പൊലീസ് അറിയിച്ചു.