പകോഡയുണ്ടാക്കി മോദിക്കെതിരെ പ്രതിഷേധിച്ച ജെ.എന്‍.യു വിദ്യാര്‍ഥിക്കെതിരെ നടപടി

മോദി അനുകൂല നിലപാട് കാരണമാണ് യൂണിവേഴ്സിറ്റി ഇത്തരമൊരു നടപടിയെടുത്തതെന്ന് മനീഷ് കുമാര്‍ വിമര്‍ശിച്ചു.

Update: 2018-07-17 13:59 GMT
Advertising

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പകോഡ പരാമര്‍ശത്തിനെതിരെ പ്രതിഷേധിച്ച ജെ.എന്‍.യു വിദ്യാര്‍ഥിക്ക് സര്‍വകലാശാല 20000 രൂപ പിഴ വിധിച്ചു. ജെ.എന്‍.യു ഹോസ്റ്റലില്‍ നിന്ന് മാറണമെന്നും വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ടു. എംഫില്‍ വിദ്യാര്‍ഥിയായ മനീഷ് കുമാര്‍ മീണക്കെതിരായാണ് നടപടി.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് മോദി പകോഡ പരാമര്‍ശം നടത്തിയത്. രാജ്യത്തെ യുവാക്കളുടെ തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടിയപ്പോഴാണ് പകോഡ വില്‍പനയും ഒരു ജോലിയാണെന്ന് മോദി പറഞ്ഞത്. മോദിയുടെ പരാമര്‍ശത്തിനെതിരെ യുവാക്കള്‍ പ്രതിഷേധിച്ചു. ഫെബ്രുവരി 5ന് ജെ.എന്‍.യുവില്‍ നടന്ന പ്രതിഷേധത്തിനിടെ പകോഡയുണ്ടാക്കിയതിനാണ് മനീഷ് കുമാര്‍ മീണക്കെതിരെ നടപടിയെടുത്തത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയമിച്ച സമിതിയാണ് പിഴ വിധിച്ചത്.

തനിക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും പൊതുമുതല്‍ നശിപ്പിച്ചിട്ടില്ലെന്നും മനീഷ് കുമാര്‍ പ്രതികരിച്ചു. മോദി അനുകൂല നിലപാട് കാരണമാണ് യൂണിവേഴ്സിറ്റി ഇത്തരമൊരു നടപടിയെടുത്തതെന്നും മനീഷ് കുമാര്‍ വിമര്‍ശിച്ചു. പിഴയിട്ടതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മനീഷ് കുമാര്‍ പറഞ്ഞു.

Tags:    

Similar News