ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് 

തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവുമുളള സഖ്യമുണ്ടാക്കാന്‍ രാഹുല്‍ ഗാന്ധിയെ ചുമതലപ്പെടുത്തി. രാജ്യത്ത് ആര്‍.എസ്.എസിനെ നേരിടാന്‍ സഖ്യം അനിവാര്യമാണെന്ന് സോണിയ ഗാന്ധി പറഞ്ഞു

Update: 2018-07-22 14:05 GMT
Advertising

ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രാദേശിക സഖ്യമുണ്ടാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ധാരണ. സംസ്ഥാനങ്ങളുടെ സ്വഭാവമനുസരിച്ച് സഖ്യങ്ങള്‍ തീരുമാനിക്കാന്‍ പ്രവര്‍ത്തക സമിതി രാഹുല്‍ ഗാന്ധിയെ ചുമതലപ്പെടുത്തി.

വരാനിരിക്കുന്ന ലോക്സഭ, നിയമസഭ തെഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും മോദി സർക്കാരിനെതിരായ പ്രചാരണങ്ങളുമായിരുന്നു പ്രവർത്തക സമിതി യോഗത്തിലെ പ്രധാന ചര്‍ച്ചകള്‍. നിലവിലെ സാഹചര്യത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ സംഘപരിവാറിനെ മറികടക്കാൻ പ്രാദേശിക പാർട്ടികളുമായി അടവ് സഖ്യം അനുവാര്യമാണെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവുമുള്ള സഖ്യരൂപീകരണങ്ങള്‍ക്ക് പ്രവർത്തക സമിതി രാഹുൽ ഗാന്ധിയെ ചുമതലപ്പെടുത്തി.

ജനാധിപത്യ സംരക്ഷണത്തിന് പ്രാദേശിക സഖ്യം അനിവാര്യമാണെന്നും വ്യക്തിതാല്പര്യങ്ങൾ മാറ്റിവെയ്ക്കണമെന്നും സോണിയ ഗാന്ധി ഓര്‍മിപ്പിച്ചു. 12 സംസ്ഥാനങ്ങളിൽ പാർട്ടി അടിത്തറ വിപുലപ്പെടുത്തിയാൽ 150 സീറ്റ് വരെ ലഭിക്കുമെന്നും ശേഷിക്കുന്നിടത്ത് പ്രാദേശിക സ്വഭാവം അനുസരിച്ച് സഖ്യമാകാമെന്നും പി ചിദംബരം ചൂണ്ടിക്കാട്ടി. എന്നാല്‍ ഏതു സഖ്യവും കോൺഗ്രസിൻറെ നേതൃത്വത്തിൽ ആകണമെന്നായിരുന്നു കേരള നേതാക്കളുടെ നിലപാട്.

കോൺഗ്രസിന് മുൻതൂക്കം കിട്ടിയാൽ രാഹുൽ ഗാന്ധി തന്നെ പ്രധാനമന്ത്രി ആകുമെന്ന് രൺദീപ് സുർജേവാല പറഞ്ഞു. പാർട്ടിക്ക് നഷ്ടമായ വോട്ടുകൾ തിരിച്ചുകൊണ്ടുവരാന്‍ മണ്ഡലങ്ങൾ തോറും തന്ത്രങ്ങൾ ആവിഷ്കരിക്കണമെന്നാണ് രാഹുൽ ഗാന്ധി നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം.

Tags:    

Similar News