റഫേല്‍ ഇടപാട്: റിലയന്‍സിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

മോദി സര്‍ക്കാറിന്റെ ഡിഎന്‍എ ചങ്ങാത്ത മുതലാളിത്തത്തിന്റേതാണെന്ന് ആരോപിച്ചാണ് റാഫേല്‍ ഇടപാടില്‍ റിലന്‍സിനെതിരായുള്ള ഏഴ് സുപ്രധാന തെളിവുകള്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടത്.

Update: 2018-07-27 10:59 GMT
Advertising

റാഫേല്‍ ഇടപാടില്‍ റിലന്‍സിന്റെ പങ്കാളിത്തത്തിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് കോണ്‍ഗ്രസ്. യുദ്ധവിമാനം നിര്‍മിക്കാനുള്ള ലൈസന്‍സ് റിലയന്‍സിനില്ല. ഇടപാടില്‍ ഒപ്പുവെക്കുമ്പോള്‍ ഓഫീസോ സ്വന്തം സ്ഥലമോ ഇല്ലാത്ത പേപ്പര്‍ കമ്പനിയായിരുന്നു റിലയന്‍സ്. കരാറിലേര്‍പ്പെടുന്നതിന് 14 ദിവസം മുമ്പ് മാത്രമാണ് റിലന്‍സ് ഡിഫന്‍സ് ലിമിറ്റഡ് രൂപീകരിച്ചതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

മോദി സര്‍ക്കാറിന്റെ ഡിഎന്‍എ ചങ്ങാത്ത മുതലാളിത്തത്തിന്റേതാണെന്ന് ആരോപിച്ചാണ് റാഫേല്‍ ഇടപാടില്‍ റിലന്‍സിനെതിരായുള്ള ഏഴ് സുപ്രധാന തെളിവുകള്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടത്. 2015 ഏപ്രില്‍ 10നാണ് ഫ്രാന്‍സുമായി ഇന്ത്യ റാഫേല്‍ കരാറിലേര്‍പ്പെട്ടത്. ഇതിന് 14 ദിവസം മുമ്പ് മാത്രമാണ് റിലയന്‍സ് ഡിഫെന്‍സ് ലിമിറ്റഡ് രൂപീകരിച്ചത്. പ്രതിരോധമേഖലയില്‍ വേണ്ടത്ര പരിചയസമ്പത്ത് കമ്പനിക്ക് ഇല്ല.

കരാറിലേര്‍പ്പെടുമ്പോള്‍ സ്ഥലമോ ഓഫീസോ ഇല്ലാത്ത പേപ്പര്‍ കമ്പനിയായിരുന്നു റിലയന്‍സിന്റേതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. 36 റഫേല്‍ യുദ്ധ വിമാനങ്ങള്‍ നിര്‍മിക്കുന്നതിന് സംയുക്ത നീക്കങ്ങളൊന്നും ആയിട്ടില്ലന്നാണ് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ 2018 ഫെബ്രുവരിയില്‍ പറഞ്ഞത്.

എന്നാല്‍ റിലയന്‍സുമായി ചേര്‍ന്നാണെന്ന് നിര്‍മ്മാണമെന്ന് ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ടിന്റെ 2016ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും കോണ്‍ഗ്രസ് വീശദീകരിച്ചു. വിദേശത്തുള്ള പ്രതിരോധ ഇടപാടുകള്‍ക്ക് മന്ത്രാലയം അനുമതി നല്‍കുകയും ഇടപാടിലെ വ്യവസ്ഥകള്‍ പരിശോധിക്കുകയും വേണം. എന്നാല്‍ റിലയന്‍സിന്റെ കാര്യത്തില്‍ ഇതൊന്നുമുണ്ടായില്ല.

ഒരു നുണ മറക്കാന്‍ മോദി സര്‍ക്കാര്‍ നൂറു നുണകള്‍ പറയുകയാണെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Tags:    

Similar News