താനാണ് ആഭ്യന്തരമന്ത്രിയെങ്കില്‍ ബുദ്ധിജീവികളെയെല്ലാം വെടിവെച്ച് കൊല്ലുമായിരുന്നുവെന്ന് ബിജെപി നേതാവ്

Update: 2018-07-27 06:17 GMT
Advertising

താനാണ് ആഭ്യന്തരമന്ത്രിയെങ്കില്‍ ബുദ്ധിജീവികളെയെല്ലാം വെടിവെച്ച് കൊല്ലുമായിരുന്നുവെന്ന് കര്‍ണാടക ബിജെപി നേതാവ്. വിജയപുരയില്‍ നിന്നുള്ള ബസനഗൗഡ പട്ടീല്‍ യത്നാല്‍ ആണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. വിജയപുരയില്‍ സംഘടിപ്പിച്ച കാര്‍ഗില്‍ വിജയ് ദിവസ് പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന. വിജയപുര എംഎല്‍എ കൂടിയാണ് ബസനഗൗഡ പട്ടീല്‍ യത്നാല്‍.

‘ഈ ബുദ്ധിജീവികള്‍ ജീവിക്കുന്നത് ഈ രാജ്യത്താണ്, നമ്മുടെ വായുവാണ് ശ്വസിക്കുന്നത്, നമ്മുടെ വെള്ളമാണ് കുടിക്കുന്നത്, നമ്മള്‍ നികുതി അടയ്ക്കുന്ന സൗകര്യങ്ങളാണ് അവരും ഉപയോഗിക്കുന്നത്. എന്നിട്ട് അവര്‍ ഇന്ത്യന്‍ പട്ടാളത്തിന് എതിരെ മുദ്രാവാക്യം വിളിക്കും. നമ്മുടെ രാജ്യം മറ്റാരേക്കാളും ബുദ്ധിജീവികളില്‍ നിന്നും മതേതരവാദികളില്‍ നിന്നും വലിയ അപകടമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നെപ്പോലെ ഒരാളാണ് ഈ രാജ്യത്തെ ആഭ്യന്തരമന്ത്രിയെങ്കില്‍ അവരെയൊക്കെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിടുമായിരുന്നു’ – ഇതായിരുന്നു ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബസനഗൗഡ പട്ടീല്‍ യത്നാല്‍ പ്രസംഗിച്ചത്.

പ്രസംഗം തീരുംവരെ ബുദ്ധിജീവികളെ ദേശവിരുദ്ധര്‍ എന്നാണ് ഇയാള്‍ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ ആര്‍മിയെ ഇത്തരക്കാര്‍ വിമര്‍ശിക്കുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. പ്രസ്താവന വിവാദമായതിന് പിന്നാലെ കോണ്‍ഗ്രസും ജെഡിഎസും ഇയാളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

ഇതാദ്യമായല്ല ബസനഗൗഡ പട്ടീല്‍ യത്നാലിന്റെ പ്രസംഗം വിവാദമാകുന്നത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ മുസ്‍ലീംകള്‍ക്ക് വേണ്ടിയല്ല ഹിന്ദുക്കള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന് പറയുന്ന ഇയാളുടെ വീഡിയോ കഴിഞ്ഞ മാസം വിവാദം സൃഷ്ടിച്ചിരുന്നു. ഹിന്ദുക്കള്‍ക്ക് വേണ്ടി സംസാരിക്കുന്നത് തെറ്റാണോ എന്നായിരുന്നു വിവാദ പ്രസ്താവനയ്ക്കുള്ള ഇയാളുടെ ന്യായീകരണം.

വാജ്‌പേയി സര്‍ക്കാരില്‍ ടെക്‌സ്റ്റൈല്‍സ് സഹമന്ത്രി, റെയില്‍വേ സഹമന്ത്രി ആയിരുന്നു ബസനഗൗഡ. 1994മുതല്‍ 99 വരെ ബിജെപി എംഎല്‍എയും 99മുതല്‍ 2009 വരെ ബിജാപുര്‍ മണ്ഡലത്തിന്റെ എംപിയുമായിരുന്നു അദ്ദേഹം. ആദ്യം ബിജെപിയിലും പിന്നീട് 2010 മുതല്‍ ജെഡിഎസിലും പ്രവര്‍ത്തിച്ച ഇയാള്‍ ഈ വര്‍ഷം ആദ്യമാണ് വീണ്ടും ബിജെപിയില്‍ മടങ്ങി എത്തിയത്.

Tags:    

Similar News