കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
ശ്വാസനാളത്തില്‍ ഘടിപ്പിച്ച ട്യൂബ് മാറ്റി സ്ഥാപിച്ചതോടെയാണ് കരുണാനിധിയ്ക്ക് അണുബാധയും തുടര്‍ന്ന് പനിയും ബാധിച്ചത്. രക്തസമ്മര്‍ദ്ദം കുറഞ്ഞ് പനിയും ബാധിച്ചതോടെ, അബോധാവസ്ഥയിലായി.
കരുണാനിധിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തിന്‍റെ ആരോഗ്യനില തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണ്.
അടുത്ത ബന്ധുക്കളെല്ലാം ആശുപത്രിയിലെത്തിയിട്ടുണ്ട്. ചെന്നൈയിലെ ആശുപത്രിക്ക് മുന്നില്‍ വന്‍ സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കരുണാനിധിയിപ്പോള്‍. നേതാക്കളുടെ ആഹ്വാനത്തെ അവഗണിച്ചും നിരവധി പ്രവര്‍ത്തകരാണ് ആശുപത്രിയ്ക്കു മുന്‍പില്‍ തടിച്ചു കൂടിയിട്ടുള്ളത്.
ഉപരാഷ്ട്രപതി, വെങ്കയ്യ നായിഡു, ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് എന്നിവര്‍ കരുണാനിധിയെ സന്ദര്‍ശിയ്ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. വെന്റിലേറ്റര്‍, ഒക്‌സിജന്‍ മാസ്‌ക് തുടങ്ങിയ ഉപകരണങ്ങളൊന്നും തന്നെ ചിത്രത്തിലില്ല. ഇന്നലെ രാത്രി എട്ടുമണിയ്ക്ക് പുറത്തുവന്ന മെഡിക്കല്‍ ബുള്ളറ്റിനിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞ നാല് ദിവസമായി തുടരുന്ന അണു ബാധ സംബന്ധിച്ച സംശയങ്ങള്‍ ബാക്കിയാണ്.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി.രാജ, എംഡിഎംകെ അധ്യക്ഷന്‍ വൈക്കോ തുടങ്ങിയ പ്രമുഖര്‍ ഇന്ന് കരുണാനിധിയെ സന്ദര്‍ശിച്ചു. മക്കളായ കനിമൊഴി എംപി, ശെല്‍വി, എം.കെ. അഴഗിരി, സിനിമാതാരവും ചെറുമകനുമായ ഉദയനിധി സ്റ്റാലിന്‍ എന്നിവരും ആശുപത്രിയിലുണ്ട്.
ശ്വാസനാളത്തില്‍ ഘടിപ്പിച്ച ട്യൂബ് മാറ്റി സ്ഥാപിച്ചതോടെയാണ് കരുണാനിധിയ്ക്ക് അണുബാധയും തുടര്‍ന്ന് പനിയും ബാധിച്ചത്. രക്തസമ്മര്‍ദ്ദം കുറഞ്ഞ് പനിയും ബാധിച്ചതോടെ, അബോധാവസ്ഥയിലായി. തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.