വിവാഹ വാഗ്ദാനം നിരസിച്ച യുവതിയെ വെടിവെച്ചു
മുപ്പതുകാരനായ ഹരീഷ് ശര്‍മ്മയാണ് യുവതിക്ക് നേരെ വെടിയുതിര്‍ത്തത്.
ഡല്‍ഹിയില്‍ വിവാഹ വാഗ്ദാനം നിരസിച്ച യുവതിക്ക് നേരെ യുവാവ് വെടിയുതിര്‍ത്തു. ഒരു സ്വകാര്യ കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൌണ്ടന്റായി ജോലി ചെയ്യുന്ന ഇരുപത്തിനാലുകാരിക്ക് നേരെയാണ് വെടിയുതിര്‍ത്തത്. ഡല്‍ഹി അശോക് വിഹാര്‍ ഫേസ് നാലില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.
മുപ്പതുകാരനായ ഹരീഷ് ശര്‍മ്മയാണ് യുവതിക്ക് നേരെ വെടിയുതിര്‍ത്തത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ ഞായറാഴ്ച കിഴക്കന്‍ ഡല്‍ഹിയിലെ സഹദ്രയിലുള്ള വീട്ടില്‍ വച്ചാണ് പിടികൂടിയതെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ അസ്ലം ഖാന്‍ പറഞ്ഞു. കൃത്യത്തിന് ഉപയോഗിച്ച സ്വദേശി നിര്‍മ്മിത തോക്കും കണ്ടെടുത്തു. യുവതിയെ കൊല്ലുക എന്ന ഉദ്ദേശത്തോടെ ഇരുപത് ദിവസം മുന്‍പ് ഉത്തര്‍പ്രദേശിലെ മുര്‍ദ്ദനഗറില്‍ നിന്നാണ് ഹരീഷ് തോക്ക് വാങ്ങിയത്. സിസി ടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.
യുവതിയുടെ അമ്മ വീട്ടില്‍ വച്ച് രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. കോളിംഗ് ബെല്‍ അടിക്കുന്നതു കേട്ട് വാതില്‍ തുറന്ന യുവതി കണ്ടത് ഹരീഷിനെയാണ്.വീടിനകത്തേക്ക് പ്രവേശിച്ച ഹരീഷ് യുവതിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് നിരസിച്ച യുവതിക്ക് നേരെ ഹരീഷ് വെടിയുതിര്‍ക്കുകയായിരുന്നു. നെഞ്ചിനാണ് വെടിയേറ്റത്. യുവതി അപകട നില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. ഹരീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.