ഷെല്‍ട്ടര്‍ ഹോമുകളില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവം; പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം
ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഒരു തവണ നിര്‍ത്തിവെച്ചു.അതിനിടെ രാജ്യസഭാ ഉപാധ്യക്ഷ സീറ്റ് ലഭിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നേക്കുമെന്ന വാര്‍ത്ത ശിരോമണി അകാലിദള്‍ തള്ളി
യുപിയിലെയും ബിഹാറിലെയും ഷെല്‍ട്ടര്‍ ഹോമുകളില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഒരു തവണ നിര്‍ത്തിവെച്ചു. അതിനിടെ രാജ്യസഭാ ഉപാധ്യക്ഷ സീറ്റ് ലഭിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നേക്കുമെന്ന വാര്‍ത്ത ശിരോമണി അകാലിദള്‍ തള്ളി.
ഉത്തര്‍പ്രദേശിലെ ദവേരിയ, ബിഹാറിലെ മുസഫര്‍പൂര്‍ എന്നിവിടങ്ങളിലെ ഷെല്‍ട്ടര്‍ ഹോമുകളില്‍ പ്രായപൂര്‍ത്തിയാകാത്തത് ഉള്‍പ്പടെയുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വിഷയത്തിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ബഹളം ശക്തമായതോടെ രാജ്യസഭാനടപടികള്‍ ഒരു തവണ തടസപ്പെട്ടു. വിഷയം പാര്‍ലമെന്ററി കമ്മറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോണ്‍ഗ്രസ് ലോക്സഭയില്‍ ആവശ്യപ്പെട്ടു. ഈ സംഭവങ്ങളില്‍ കുറ്റക്കാര്‍ ആരും രക്ഷപ്പെടില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മറുപടി നല്‍കി.
അതിനിടെ രാജ്യത്ത് ഘട്ടംഘട്ടമായി എല്ലായിടത്തും എയിംസ് സ്ഥാപിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി ജെ.പി നദ്ധ രാജ്യസഭയില്‍ പറഞ്ഞു. കേരളത്തിന് എയിംസുണ്ടോയെന്ന കെ.കെ രാഗേഷ് എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച നടക്കുന്ന രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നേക്കുമെന്ന വാര്‍ത്ത എന്‍ഡിഎ ഘടക കക്ഷിയായ ശിരോമണി അകാലിദള്‍ തള്ളി. ജെഡിയുവിന് സീറ്റ് നല്‍കിയതില്‍ ശിരോമണി അകാലിദളിന് എതിര്‍പ്പുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പ്രതിപക്ഷ പാര്‍ട്ടികളും ചര്‍ച്ചകള്‍ സജീവമാക്കി. ഇന്ന് ഉച്ചയ്ക്ക് ശേഷം ചേരുന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും.