പെപ്സികോയില്‍ നിന്നും ഇന്ദ്ര നൂയി പടിയിറങ്ങുന്നു
സിഇഒ സ്ഥാനം ഒഴിഞ്ഞാലും 2019 വരെ പെപ്സികോയുടെ ഡയറക്ടർ സ്ഥാനത്ത് ഇന്ദ്രാ നൂയി ഉണ്ടാകും
നീണ്ട 12 വർഷത്തെ സേവനത്തിന് ശേഷം പെപ്സികോയുടെ തലപ്പത്ത് നിന്ന് ഇന്ദ്രാ നൂയി പടിയിറങ്ങുന്നു. നിലവിലെ പ്രസിഡന്റും 62കാരനുമായ റമോൺ ലഗുർത്തയാവും അടുത്ത സിഇഒ. സിഇഒ സ്ഥാനം ഒഴിഞ്ഞാലും 2019 വരെ പെപ്സികോയുടെ ഡയറക്ടർ സ്ഥാനത്ത് ഇന്ദ്രാ നൂയി ഉണ്ടാകും. 2006ലാണ് നൂയി ചുമതലയേറ്റത്. ഇതിന് ശേഷം പെപ്സികോയുടെ ഓഹരി വിലയിൽ 78 ശതമാനത്തിന്റെ വർദ്ധനവുണ്ടായി.
പെപ്സികോയിലെ സേവനം ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായി കാണുന്നുവെന്ന് ഇന്ദ്ര നൂയി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ജനിച്ച് വളർന്ന താൻ ഇങ്ങനെ ഒരു സ്ഥാനത്ത് എത്തുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. സി.ഇ.ഒ എന്ന നിലയിൽ പെപ്സികോ ഓഹരിയുടമകളുടെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനായെന്നും ന്യൂയി ട്വിറ്ററിൽ കുറിച്ചു.
അമേരിക്കയിലെ ഫോർബ്സ് മാഗസിൻ നടത്തിയ ഒരു തെരഞ്ഞെടുപ്പിൽ, ഇന്ദ്ര നൂയി ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിത നേതാക്കളിൽ മൂന്നാം സ്ഥാനത്തായിരുന്നു. മറ്റൊരു മാഗസിൻ ആയ ഫോർച്ച്യൂൺ നൂയിയെ ലോകത്തിലെ ഏറ്റവും ശക്തരായ വനിത വാണിജ്യ നേതാക്കളിൽ ഒന്നാമതായി തെരഞ്ഞെടുത്തിരുന്നു.2007ല്‍ രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.