കത്‍വ കേസിലെ സാക്ഷിക്ക് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനം: എന്നാല്‍ താലിബ് സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ്
കേസിലെ സാക്ഷിയായ താലിബ് ഹുസൈന്റെ തലയോട്ടിക്ക് പൊലീസ് മര്‍ദ്ദനത്തിനിടെ പരിക്കേറ്റിട്ടുണ്ടെന്നും താലിബ് സാമ്പ ഹോസ്പിറ്റലില്‍ ചികിത്സ തേടിയിട്ടുണ്ടെന്നും ഇന്ദിര ജയ്സിംഗ് ട്വീറ്റ് ചെയ്യുകയായിരുന്നു.
കത്‍വയില്‍ എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ ക്ഷേത്രത്തിനകത്ത് ക്രൂരബലാല്‍സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാനസാക്ഷിക്ക് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനം. സുപ്രീം കോടതി അഭിഭാഷകയായ ഇന്ദിര ജയ്സിംഗ് ആണ് ഈ വിവരം പുറത്തെത്തിച്ചത്. കേസിലെ സാക്ഷിയായ താലിബ് ഹുസൈന്റെ തലയോട്ടിക്ക് പൊലീസ് മര്‍ദ്ദനത്തിനിടെ പരിക്കേറ്റിട്ടുണ്ടെന്നും താലിബ് സാമ്പ ഹോസ്പിറ്റലില്‍ ചികിത്സ തേടിയിട്ടുണ്ടെന്നും ഇന്ദിര ജയ്സിംഗ് ട്വീറ്റ് ചെയ്യുകയായിരുന്നു. പൊലീസിന്റെ ഇത്തരം നടപടികള്‍ ജനാധിപത്യരാജ്യത്ത് അംഗീകരിക്കാന്‍ പറ്റില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു. കത്‍വയ്ക്കു പുറത്തുവെച്ച് ഈ കേസ് പരിഗണിക്കമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു ഇന്ദിര.
സാമൂഹ്യപ്രവര്‍ത്തകനായ താലിബ് ഹുസൈന്‍ കത്‍വ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കാന്‍വേണ്ടിയുള്ള പോരാട്ടങ്ങളില്‍ മുന്നില്‍ നിന്ന വ്യക്തിയാണ്. പക്ഷേ, ആഗസ്റ്റ് 2 ന് താലിബിന്‍റെ പേരില്‍ ലഭിച്ച ഒരു ബലാത്സംഗ പരാതിയെ തുടര്‍ന്ന് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമവിരുദ്ധമായി ആയുധങ്ങള്‍ കയ്യില്‍വെച്ചെന്ന കുറ്റം കൂടി താലിബിന്റെ പേരില്‍ ചുമത്തിയിട്ടുണ്ട്.
എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ച് താലിബ് സ്വയം തലയിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന വിശദീകരണമാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ശേഷ് പോള്‍ വാലിദ് നല്‍കുന്നത്. സംഭവത്തിന് മറ്റ് പ്രതികള്‍ ദൃക്സാക്ഷികളായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹുസൈന്റെ പരിക്ക് ഗുരുതരമല്ലെന്നും പ്രാഥമിക പരിശോധനയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് തിരിച്ചുകൊണ്ടുവന്നുവെന്നും പൊലീസ് പറയുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ താലിബിനെ കാണാന്‍ ബന്ധുക്കളെ പോലും പൊലീസ് അനുവദിച്ചില്ല. ബാന്‍ഡേജിട്ട് തലയില്‍ നിന്ന് ചോരയൊലിക്കുന്നുണ്ടെന്നും ഇന്ദിര തന്റെ രണ്ടാമത്തെ ട്വീറ്റില്‍ പറയുന്നു.
മുമ്പ് കത്‍വ പീഡനക്കേസില്‍ സമരം നടത്തിയതിന് താലിബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2018 ജനുവരി 10 ന് കാണാതായ പെണ്‍കുട്ടിയെ 17നാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയതിന് സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയായ സഞ്ജി റാം, മകന്‍ വിഷാല്‍, ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത ബന്ധു, സ്‌പെഷല്‍ പൊലീസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ വര്‍മ, ഇവരുടെ സുഹൃത്ത് പര്‍വേഷ് കുമാര്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തിരുന്നു.
കത്‍വ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റിലായതിനു പിന്നാലെ തന്നെ ഹിന്ദുത്വ സംഘടനകള്‍ അവര്‍ക്കുവേണ്ടി ശക്തമായി രംഗത്തുവന്നിരുന്നു. നേരത്തെ പ്രതികളെ അനുകൂലിച്ചുകൊണ്ട് കശ്മീരില്‍ ദേശീയ പതാകയുമുയര്‍ത്തി ഇവര്‍ റാലി നടത്തിയിരുന്നു. രണ്ട് ബി.ജെ.പി നേതാക്കളായിരുന്നു റാലിയ്ക്ക് നേതൃത്വം നല്‍കിയത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.