“അവര്‍ പശുവിനെ കൊന്നു, ഞാന്‍ അവരെ കൊന്നു”; ആള്‍ക്കൂട്ട കൊലക്കേസിലെ പ്രതി
ഉത്തര്‍ പ്രദേശിലെ ഹാപൂരില്‍ കാസിം ഖുറേഷിയെന്ന 45 വയസ്സുകാരനെ മര്‍ദ്ദിച്ചുകൊന്ന കേസിലെ പ്രതിയായ രാകേഷ് സിസോദിയയാണ് ഇങ്ങനെ പറഞ്ഞത്
"അവര്‍ പശുവിനെ വകവരുത്തിയതിനാല്‍ ഞാന്‍ അവരെ കൊന്നു. ജയിലില്‍ പോകാന്‍ എനിക്ക് ഭയമില്ല. ഞാനത് ജയിലറോട് തുറന്നുപറഞ്ഞിട്ടുണ്ട്", ഉത്തര്‍ പ്രദേശിലെ ഹാപൂരില്‍ കാസിം ഖുറേഷിയെന്ന 45 വയസ്സുകാരനെ മര്‍ദ്ദിച്ചുകൊന്ന കേസിലെ പ്രതിയായ രാകേഷ് സിസോദിയയാണ് ഇങ്ങനെ പറഞ്ഞത്. ജാമ്യം നേടി പുറത്തിറങ്ങിയ രാകേഷ് എന്‍.ഡി.ടി.വിയോടാണ് കൊല ചെയ്തതില്‍ ഒരു കുറ്റബോധവുമില്ലെന്ന് വെളിപ്പെടുത്തിയത്.
ജൂലൈയില്‍ ജാമ്യം നേടി പുറത്തിറങ്ങിയ തനിക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തെ കുറിച്ചും രാകേഷ് സിസോദിയ വാചാലനായി. "മൂന്നോ നാലോ കാര്‍ എന്നെ കൊണ്ടുപോകാനായി ജയിലിലേക്ക് വന്നു. ജനങ്ങള്‍ എന്‍റെ പേരില്‍ മുദ്രാവാക്യം മുഴക്കി. അവരെന്നെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. എനിക്ക് അഭിമാനം തോന്നി. ആരെങ്കിലും പശുവിനെ കൊന്നാല്‍ അവരെ കൊന്ന് വേണമെങ്കില്‍ ആയിരം തവണ ജയിലില്‍ പോകാനും ഞങ്ങള്‍ തയ്യാറാണ്".
പൊലീസ് നല്‍കുന്ന പിന്തുണയെ കുറിച്ചും രാകേഷ് സിസോദിയ പറഞ്ഞു. "സര്‍ക്കാര്‍ ഞങ്ങള്‍ക്കൊപ്പമായതിനാല്‍ പൊലീസും ഞങ്ങള്‍ക്കൊപ്പമാണ്. അസം ഖാന്‍ ഭരണത്തിലുണ്ടായിരുന്നപ്പോള്‍ ഇതൊന്നും നടക്കില്ലായിരുന്നു (യുപിയില്‍ സമാജ്‍വാദി പാര്‍ട്ടി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു അസംഖാന്‍).
യു.പിയിലെ ഹാപൂരില്‍ ജൂണ്‍ 18നാണ് കാസിമിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നത്. കൂടെയുണ്ടായിരുന്ന 65കാരനായ സമിയുദ്ദീന് ആക്രമണത്തില്‍ മാരകമായി പരിക്കേറ്റു. ആക്രമണത്തില്‍ അവശനായ കാസിം കുടിക്കാന്‍ വെള്ളംചോദിച്ചപ്പോള്‍ നല്‍കാതിരുന്നതിനെയും രാകേഷ് സിസോദിയ ന്യായീകരിച്ചു. പശുവിനെ കൊന്നയാള്‍ക്ക് വെള്ളം കുടിക്കാന്‍ അര്‍ഹതയില്ലെന്നാണ് രാകേഷ് പ്രതികരിച്ചത്.
അക്രമം നടക്കുമ്പോള്‍ താന്‍ സ്ഥലത്തില്ലായിരുന്നുവെന്നും കൊലപാതകത്തില്‍ പങ്കില്ലെന്നും കോടതിയില്‍ പറഞ്ഞ രാകേഷ് സിസോദിയ ഒളിക്യാമറയുമായി സമീപിച്ച എന്‍.ഡി.ടി.വി റിപ്പോര്‍ട്ടറോടാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.