‘അയാള്‍ തോക്ക് ചൂണ്ടിയപ്പോള്‍ ഗൗരി ലങ്കേഷിനെ ഓര്‍ത്തു; എനിക്കും ആ സമയം വന്നെത്തിയെന്ന് കരുതി’ ഉമര്‍ ഖാലിദ്

ആരെങ്കിലും സര്‍ക്കാര്‍ പോളിസികളെ കുറിച്ച് എന്തെങ്കിലും ചോദ്യങ്ങള്‍ ഉന്നയിച്ചാല്‍ പോലും ദേശദ്രോഹികളായി മുദ്രകുത്തപ്പെടുകയാണെന്നും ഉമര്‍ പ്രതികരിച്ചു.

Update: 2018-08-13 16:17 GMT
Advertising

അക്രമി തോക്കു ചൂണ്ടിയപ്പോള്‍ ഗൗരി ലങ്കേഷിനെ ഓര്‍മ്മ വന്നെന്ന് ഉമര്‍ ഖാലിദ്. വധശ്രമമുണ്ടായി മിനിറ്റുകള്‍ക്കകം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമര്‍.

''ആ നിമിഷം ഞാന്‍ ശരിക്കും പേടിച്ചുപോയി. ഗൗരി ലങ്കേഷിന് സംഭവിച്ചതാണ് ഓര്‍മ്മ വന്നത്. എനിക്കും ആ സമയം വന്നെത്തിയെന്ന് കരുതി. പക്ഷേ എനിക്കൊപ്പമുണ്ടായ സുഹൃത്തുക്കള്‍ അയാളെ കീഴ്‌പ്പെടുത്തി.'' ഉമര്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടു വര്‍ഷമായി ചില മാധ്യമങ്ങളും ഭരണകൂടത്തിന്റെ ട്രോള്‍ സൈന്യങ്ങളും ചേര്‍ന്ന് വിദ്വേഷ പ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ആരെങ്കിലും സര്‍ക്കാര്‍ പോളിസികളെ കുറിച്ച് എന്തെങ്കിലും ചോദ്യങ്ങള്‍ ഉന്നയിച്ചാല്‍ പോലും ദേശദ്രോഹികളായി മുദ്രകുത്തപ്പെടുകയാണെന്നും ഉമര്‍ പ്രതികരിച്ചു. വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരായ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സമയത്ത് തന്നെ കൊലപാതക ശ്രമമുണ്ടായത് വിരോധാഭാസമാണെന്നും പക്ഷേ ആക്രമണത്തില്‍ അദ്ഭുതപ്പെടാനില്ലെന്നും ഉമര്‍ കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരായ ആക്രമണത്തില്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മറുപടി പറയാന്‍ ബാധ്യസ്ഥനാണെന്ന് ഉമര്‍ ഖാലിദ് പറഞ്ഞു. പാര്‍ലമെന്റിന് തൊട്ടടുത്ത് വെച്ചാണ് തനിക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് പൊലീസ് കണ്ടെത്തണമെന്നും ഉമര്‍ മീഡിയവണിനോട് പറഞ്ഞു.

ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബിന് സമീപത്ത് വെച്ചാണ് ഉമര്‍ ഖാലിദിന് നേരെ അക്രമി വെടിയുതിര്‍ത്തത്. ആള്‍ക്കൂട്ടക്കൊലകള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി നടന്ന യോഗത്തില്‍ സംസാരിച്ച് പുറത്തിറങ്ങിയതായിരുന്നു ഉമര്‍. ആക്രമണം നടന്ന സമയത്ത് ബിജെപിയുടെ പരിപാടിയും കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ നടക്കുന്നുണ്ടായിരുന്നു.

Tags:    

Similar News