വിജയ് മല്യ രാജ്യം വിടുന്നതിന് മുമ്പ് ബി.ജെ.പി നേതാക്കളെ കണ്ടിരുന്നെന്ന് രാഹുൽ ഗാന്ധി
വിദേശ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന രാഹുൽ ഗാന്ധി ലണ്ടനിലാണ് നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷമായ ആരോപണം നടത്തിയത്.
9000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന ഇന്ത്യൻ വ്യവസായി വിജയ് മല്യ രാജ്യം വിടുന്നതിന് മുമ്പ് ബി.ജെ.പി നേതാക്കളെ കണ്ടിരുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വിദേശ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന രാഹുൽ ഗാന്ധി ലണ്ടനിലാണ് നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷമായ ആരോപണം നടത്തിയത്.
ഇന്ത്യയിലെ ബാങ്കുകളിൽ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്ന വിജയ് മല്യയെ പോലുള്ള വ്യവസായികൾക്ക് സൗകര്യം ഒരുക്കിക്കൊടുക്കുന്ന സമീപനമാണ് മോദി സർക്കാർ സ്വീകരിക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. എന്നാൽ, രാഹുലിന്റെ ആരോപണങ്ങളോട് ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല.
"രാജ്യം വിടുന്നതിന് മുമ്പ് വിജയ് മല്യ ചില ബി.ജെ.പി നേതാക്കളെ കണ്ടതിന് രേഖയുണ്ട്. അവരുടെ പേരുകൾ വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല", രാഹുൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
മല്യയെ തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യൻ അതികൃധർ. നേരത്തെ മല്യയെ വിട്ടു തരണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ ബ്രിട്ടന് സമർപ്പിച്ച അപേക്ഷ ഇന്ത്യൻ ജയിലുകളിൽ മതിയായ കാറ്റും വെളിച്ചവും ഇല്ലെന്ന് പറഞ്ഞാണ് മല്യ നേരിട്ടത്. മല്യയുടെ വാദത്തിന് മറുപടിയായി, അദ്ദേഹത്തിനെ പാർപ്പിക്കാൻ ഉദ്ദേശിക്കുന്ന മുംബൈയിലെ ആർതർ റോഡ് ജയിലിലെ പന്ത്രണ്ടാം നമ്പർ മുറിയുടെ വീഡിയോ എടുത്ത് സി.ബി.ഐ ബ്രിട്ടീഷ് അധികൃതർക്ക് അയച്ചു കൊടുത്തിരുന്നു. മല്യയെ പാർപ്പിക്കാൻ പോകുന്ന ജയിൽ മുറിയിൽ ടെലിവിഷൻ, സ്വകാര്യ ബാത്രൂം, കിടക്ക, ഇഷ്ടം പോലെ കാറ്റും വെളിച്ചവും കടക്കാനുള്ള സൗകര്യം എല്ലാം ഉള്ളതായാണ് വിഡിയോയിൽ കാണിക്കുന്നത്.
സെപ്തംബര് 12 നാണ് കേസിലെ അടുത്ത വാദം കേൾക്കൽ.
ഇന്ത്യൻ ജയിലുകളുടെ അവസ്ഥ മോശമാണെങ്കിലും വിജയ് മല്യയെ പോലുള്ളവരോട് പ്രത്യേക സമീപനം വെച്ച് പുലർത്തേണ്ട കാര്യമില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വിജയ് മല്യയെയും ആഭരണ കച്ചവടക്കാരായ നീരവ് മോദിയെയും മെഹുൽ ചോക്‌സിയെയും പിന്തുണക്കുന്ന നയമാണ് നരേന്ദ്ര മോദി സർക്കാരിന്റേത് എന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്‌സിയും 13000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.