‘പശുവിസര്‍ജ്യത്തെക്കുറിച്ച് പറഞ്ഞ് ഹിന്ദുമതവിശ്വാസത്തെ മുറിവേല്‍പിച്ചു’ പ്രകാശ്‍ രാജിനെതിരെ അഭിഭാഷകന്‍റെ പരാതി
പശുവിനെയും പശുവിന്റെ വിസർജ്യത്തെയും കുറിച്ച് പ്രകാശ് രാജ് അനാവശ്യ അഭിപ്രായം പറയുന്നുവെന്നാണ് അഭിഭാഷകന്റെ വാദം. ഇതിലൂടെ ഹിന്ദു സമൂഹത്തെ ഒന്നടങ്കം പ്രകാശ് രാജ് അപമാനിച്ചതായും ഇയാള്‍ ആരോപിക്കുന്നു.
പ്രകാശ് രാജിനെതിരെ വീണ്ടും പരാതിയമായി അഭിഭാഷകന്‍ കോടതിയില്‍. ബംഗളൂരുവില്‍ അഭിഭാഷകനായ എന്‍ കിരണാണ് പ്രകാശ് രാജിനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ലോക്കല്‍ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് കോടതിയിൽ സ്വകാര്യ പരാതി ഫയൽ ചെയ്തതെന്നാണ് അഭിഭാഷകന്‍ പറയുന്നത്‍. മെയ് 8ന് കിരണ്‍ ഹനുമന്താനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെങ്കിലും നടപടിയൊന്നും എടുത്തില്ലെന്ന് പറയുന്നു.
ഹിന്ദുക്കളുടെ മതപരമായ വിശ്വാസങ്ങളെ മുറിവേല്‍പിക്കുന്ന തരത്തില്‍ പ്രകാശ് രാജ് മനഃപൂർവ്വം പ്രസ്താവനകൾ നടത്തിയതായാണ് പരാതി. ''പശുക്കളെക്കുറിച്ച് നിങ്ങൾക്ക് അറിയില്ല. നിങ്ങള്‍ക്ക് ഗോമൂത്രത്തെക്കുറിച്ച് അറിയാം. നിങ്ങളുടെ വസ്ത്രങ്ങൾ കഴുകണമെങ്കിൽ 1കിലോ ചാണകവും, 2 ലിറ്റർ ഗോമൂത്രവും വേണം. ഇതു രണ്ടും ചേര്‍ത്ത് മിശ്രിതമാക്കി നിങ്ങള്‍ക്ക് നിങ്ങളുടെ വസ്ത്രങ്ങള്‍ കഴുകാവുന്നതാണ്. എന്തുകൊണ്ടെന്നാല്‍, ഗോമൂത്രത്തെ കുറിച്ചല്ലാതെ വേറൊന്നും നിങ്ങള്‍ക്ക് അറിയില്ല. അതുകൊണ്ട് ഈ കഥ ഞങ്ങളോട് പറയരുത്." ഇതായിരുന്നു പ്രകാശ് രാജിന്റെ വാക്കുകള്‍.
പശുവിനെയും പശുവിന്റെ വിസർജ്യത്തെയും കുറിച്ച് പ്രകാശ് രാജ് അനാവശ്യ അഭിപ്രായം പറയുന്നുവെന്നാണ് അഭിഭാഷകന്റെ വാദം. ഇതിലൂടെ ഹിന്ദു സമൂഹത്തെ ഒന്നടങ്കം പ്രകാശ് രാജ് അപമാനിച്ചതായും ഇയാള്‍ ആരോപിക്കുന്നു. "പശുവിന്റെ വിസര്‍ജ്യത്തെ വസ്ത്രം കഴുകുന്ന ഡിറ്റർജന്റ് ആയി ചിത്രീകരിച്ചതിലൂടെ ഹിന്ദു മതത്തെയും മതവിശ്വാസികളുടെ വികാരത്തെയും മനപൂര്‍വ്വം അപമാനിക്കുകയാണ് പ്രകാശ് രാജ്." അരുണ്‍ കൂട്ടിച്ചേർത്തു.