അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റുകളെ ജയിലിലടക്കരുത്; വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി
സെപ്തംബര്‍ അഞ്ചിന് സുപ്രിം കോടതി കേസ് വീണ്ടും പരിഗണിക്കും. അതിനിടെ അറസ്റ്റിനെതിരായ പ്രതിഷേധങ്ങള്‍ തുടരുകയാണ്.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് പൂനെ പൊലീസ് അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റുകളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചാല്‍ മതിയെന്ന് സുപ്രീം കോടതി. അറസ്റ്റ് ചോദ്യം ചെയ്ത് സാമൂഹ്യ പ്രവര്‍ത്തകര്‍ നല്‍കിയ ഹരജിയിലാണ് സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവ്. മഹാരാഷ്ട്ര സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് അയച്ച കോടതി, ജനാധിപത്യത്തിന്റെ സുരക്ഷ വാല്‍വാണ് എതിരഭിപ്രായങ്ങളെന്ന് നിരീക്ഷിച്ചു.
ചരിത്രകാരി റൊമില ഥാപ്പറും, സാന്പത്തിക വിദഗ്ദന്‍ പ്രഭാത് പട്നായികുമുള്‍പ്പെടേ അഞ്ച് പേര്‍ നല്‍കിയ ഹരജിയിലാണ് അറസ്റ്റിലായ ആക്ടിവിസ്റ്റുകള്‍ക്ക് ആശ്വാസകരമായ ഇടക്കാല ഉത്തരവ് സുപ്രിം കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. നിയമപരമായ നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നുവെന്ന തെറ്റ് മാത്രമേ അറസ്റ്റിലായവര്‍ ചെയ്തുള്ളു. അതിനാല്‍ നാളെ ആരു വേണമെങ്കിലും ഇത്തരത്തില്‍ അറസ്റ്റ് ചെയ്യപ്പെടാമെന്ന് ഹരജിക്കാര്‍ക്ക് വേണ്ട ഹാജരായ പ്രശാന്ത് ഭൂഷണ്‍, ദുഷ്യന്ത് ദാവെ, മനു അഭിഷേക് സിംഗ്വി തുടങ്ങിയവര്‍ വാദിച്ചു.
ഈ വാദങ്ങള്‍ മുഖവിലക്കെടുത്ത കോടതി എതിരഭിപ്രായങ്ങള്‍ ജാനാധിപത്യത്തിന്റെ സുരക്ഷ വാല്‍വാണെന്നും, അത് അടക്കാന്‍ ശ്രമിച്ചാല്‍ സുരക്ഷ വാല്‍വ് പൊട്ടിത്തെറിക്കുമെന്നും നിരീക്ഷിച്ചു. തുടര്‍ന്നാണ് ആക്ടിവിസ്റ്റുകളെ സെപ്തംബര്‍ 5 വരെ വീട്ട് തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടത്. മൂന്നാം തിയ്യതിക്ക് മുന്പായി കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സമര്‍പ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോടും പൊലീസിനോടും കേന്ദ്ര സര്‍ക്കാരിനോടും കോടതി ഉത്തരവിട്ടു.
സെപ്തംബര്‍ അഞ്ചിന് സുപ്രിം കോടതി കേസ് വീണ്ടും പരിഗണിക്കും. അതിനിടെ അറസ്റ്റിനെതിരായ പ്രതിഷേധങ്ങള്‍ തുടരുകയാണ്. അറസ്റ്റ് ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. അറസ്റ്റ് ചെയ്തവരെ നിരുപാധികം വിട്ടയക്കണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.