കെജ്‍രിവാളിന് തലവേദനയായി പുതിയ എ.എ.പി
പാര്‍ട്ടിക്കുള്ളില്‍ നിന്ന് പ്രമുഖരുടെ രാജി ഒരു ഭാഗത്ത് നടക്കവെ അരവിന്ദ് കെജ്‍രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക്(എ.എ.പി)തലവേദനയായി മറ്റൊരു എ.എ.പി. ആപ്കി അപ്‌നി പാര്‍ട്ടിക്കാരാണ് കെജ്‍രിവാളിന് പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. പ്രവൃത്തി അല്ല പേരാണ് ഇപ്പോഴത്തെ പ്രശ്നം. ആപ്കി അപ്‌നി പാര്‍ട്ടിയെ ചുരുക്കിയാല്‍ എ.എ.പി ആവും. കെജ്‍രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയെ ചുരുക്കിയാലും എ.എ.പി തന്നെ.
രണ്ട് എ.എ.പി കൂടി രംഗത്തിറങ്ങിയാല്‍ സംശയമുയരുക സ്വാഭാവികം. ഇൗ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെജ്‍രിവാളിന്റെ എ.എ.പി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി തെരഞ്ഞടുപ്പ് കമ്മീഷനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യാനുള്ള ആപ്കി അപ്‌നി പാര്‍ട്ടിയുടെ തീരുമാനത്തിനെതിരെയാണ് കെജ്‍രിവാളിന്റെ എ.എ.പി ഹൈക്കോടതിയെ സമീപിച്ചത്.
പോള്‍ പാനലാണ് ആപ്കി അപ്‌നി പാര്‍ട്ടിക്ക് അനുമതി നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന് പുറമെ ആപ്കി അപ്‌നി പാര്‍ട്ടിയുടെ അണിയറക്കാര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. രണ്ട് പാര്‍ട്ടിയുടെയും ചുരുക്കപ്പേര് ഒന്നാണെന്നും അത് വോട്ടര്‍മാര്‍ക്കിടയില്‍ സംശയത്തിനിടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കെജ്രിവാളിന്റെ എ.എ.പി ഹൈക്കോടതിയെ സമീപിച്ചത്. മാധ്യമപ്രവര്‍ത്തകനും പിന്നീട് രാഷ്ട്രീയക്കാരനുമായ ആശിഷ് ഖേതന്‍, മുതിര്‍ന്ന നേതാവ് അശ്‌തോഷ് എന്നിവര്‍ പാര്‍ട്ടിയില്‍ നിന്ന് അടുത്തിടെ രാജിവെച്ചിരുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരുടെയും രാജി.