നോട്ട് നിരോധം ഏറ്റവും വലിയ അഴിമതിയെന്ന് രാഹുൽ ഗാന്ധി 

Update: 2018-08-30 13:42 GMT
Advertising

നോട്ട് നിരോധം കേന്ദ്രത്തിന് സംഭവിച്ച പിഴവല്ലെന്നും ചില തൽപര വ്യവസായികളെ സഹായിക്കാൻ മനപ്പൂർവ്വം നടത്തിയ അഴിമതിയാണെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അസാധുവാക്കിയ നോട്ടുകളിൽ 99 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയെന്ന് ആർ ബി ഐ യുടെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രംഗത്തു വന്നത്.

"നോട്ട് നിരോധം മോദി സർക്കാരിന്റെ ഏറ്റവും വലിയ അഴിമതിയാണ്," രാഹുൽ ഗാന്ധി പറഞ്ഞു.

നോട്ട് നിരോധത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയേണ്ടതുണ്ടോ എന്ന ചോദ്യത്തിന് തെറ്റ് സംഭവിച്ചാലാണ് മാപ്പ് പറയുക, എന്നാൽ നോട്ടു നിരോധം മനപ്പൂർവ്വം നടത്തിയ അഴിമതിയായിരുന്നെന്നും രാഹുൽ മറുപടി പറഞ്ഞു.

LIVE: Press briefing by Congress President Rahul Gandhi and Communications incharge Shri Randeep Surjewala. #ModiDemonetisationScam

Posted by Rahul Gandhi on Thursday, August 30, 2018

2016 നവംബര് 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അസാധുവാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളിൽ 99 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയെന്ന് ബുധനാഴ്ച്ച പുറത്തുവിട്ട ആർ ബി ഐ വാർഷിക റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. വെറും 10, 720 കോടിയുടെ നോട്ടുകൾ മാത്രമേ തിരിച്ചെത്താനുള്ളൂ എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. നിരോധിച്ച നോട്ടുകളക്ക് പകരം പുതിയത് പ്രിന്റ് ചെയ്യാൻ 8000 കോടി രൂപയാണ് ഗവൺമെന്റിന് ചിലവഴിക്കേണ്ടി വന്നത്.

പരിഹരിക്കാനാവാത്ത നാശമാണ് പ്രധാനമന്ത്രി ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് വരുത്തിയതെന്നും പൊതു ജനത്തോട് മറുപടി പറയാൻ അദ്ദേഹം തയ്യാറാവണമെന്നും രാഹുൽ ആവശ്യപ്പെട്ടു. സാധാരണക്കാരന്റെ കയ്യിലുള്ള പണം കവർന്നെടുത്ത് തന്റെ സുഹൃത്തുക്കളായ വ്യവസായികൾക്ക് നൽകുകയാണ് മോദി ചെയ്തതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

"നോട്ട് നിരോധം കള്ളപ്പണം വെളുപ്പിക്കാൻ മോദിയുടെ അടുപ്പക്കാരായ വ്യവസായികളെ സഹായിച്ചു. ഉദാഹരണത്തിന്, അമിത് ഷാ ഡയറക്ടർ ആയ ഗുജറാത്തിലെ ഒരു സഹകരണ ബാങ്ക് 700 കോടി രൂപയാണ് നോട്ടു നിരോധത്തിന് ശേഷം വെളുപ്പിച്ചെടുത്തത്. നോട്ടു നിരോധത്തെ ഒരു ജുമ്ലയെന്ന് പോലും വിളിക്കാനാവില്ല, അത് ആസൂത്രിതമായ ഒരു അഴിമതി തന്നെയാണ്," രാഹുൽ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ 70 വർഷത്തിനിടയിൽ നടന്നിട്ടില്ലാത്ത അഴിമതിയാണ് നരേന്ദ്ര മോദി നടത്തിയത്. പ്രധാനമന്ത്രി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർത്തു കളഞ്ഞു, രാഹുൽ ആരോപിച്ചു.

Tags:    

Similar News