ടോള്‍ബൂത്തുകളില്‍ വിഐപികള്‍ക്കും സിറ്റിംഗ് ജഡ്ജുമാര്‍ക്കും പ്രത്യേക വരി വേണമെന്ന് കോടതി
സിറ്റിംഗ് ജഡ്ജുമാരായിട്ടും ദിവസവും പത്തുംപതിനഞ്ചും മിനിറ്റുകള്‍ ടോള്‍ബൂത്തില്‍ ചെലവഴിക്കേണ്ടി വരിക എന്നത് നിര്‍ഭാഗ്യകരമാണെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
രാജ്യത്തെ ദേശീയ പാതകളിലെ ടോള്‍ബൂത്തുകളില്‍ വിഐപികള്‍ക്കും സിറ്റിങ് ജഡ്ജിമാര്‍ക്കും വേണ്ടി പ്രത്യേക വരിയുണ്ടായിരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഹൈവേ അതോറിറ്റിക്കാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിറ്റിംഗ് ജഡ്ജുമാരായിട്ടും ദിവസവും പത്തുംപതിനഞ്ചും മിനിറ്റുകള്‍ ടോള്‍ബൂത്തില്‍ ചെലവഴിക്കേണ്ടി വരിക എന്നത് നിര്‍ഭാഗ്യകരമാണെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. ഇന്നലെയാണ് ഇതുസംബന്ധിച്ചുള്ള നിര്‍ദേശം മദ്രാസ് ഹൈക്കോടതി ദേശീയ ഹൈവേ അതോറിറ്റിക്ക് നല്‍കിയത്.
ജസ്റ്റിസ് ഹുലുവാഡി ജി രമേഷ്, ജസ്റ്റിസ് എംവി മുരളീധരന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.രാജ്യവ്യാപകമായി ദേശീയ പാതകളില്‍ ഇത് നടപ്പാക്കണമെന്നാണ് നിര്‍ദേശം. ദേശീയ പാതകളിലുള്ള ടോള്‍ പ്ലാസകള്‍ക്ക് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ നല്‍കണമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.ഉത്തരവ് ലംഘിച്ചാല്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും ടോള്‍ പ്ലാസകള്‍ക്ക് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ടോള്‍ പ്ലാസകളില്‍ നിര്‍ത്തി വിഐപിയാണെന്ന ഐഡന്റിറ്റി തെളിയിക്കാന്‍ സമയമേറെ എടുക്കുന്നത് ഒഴിവാക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.