കശ്മീരില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി
ഭീകരകേന്ദ്രങ്ങളില്‍ നടത്തുന്ന നടപടികള്‍ സുരക്ഷാസേന ശക്തമാക്കിയതോടെ സമ്മര്‍ദ്ദതന്ത്രമായാണ് തട്ടിക്കൊണ്ട് പോകലെന്നാണ് വിവരം
ജമ്മുകാശ്മീരില്‍ ആറ് പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ തട്ടിക്കൊണ്ട് പോയതായി സൂചന. ഭീകരകേന്ദ്രങ്ങളില്‍ നടത്തുന്ന നടപടികള്‍ സുരക്ഷാസേന ശക്തമാക്കിയതോടെ സമ്മര്‍ദ്ദതന്ത്രമായാണ് തട്ടിക്കൊണ്ട് പോകലെന്നാണ് വിവരം. കഴിഞ്ഞ ദിവസം നാല് പൊലീസ് ഉദ്യോഗസ്ഥരെയും ഭീകരര്‍ വധിച്ചിരുന്നു.
വടക്കന്‍ കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ആറ് പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാഗങ്ങളെ ഭീകരര്‍ തട്ടിക്കൊണ്ട് പോയതായി കരുതുന്നത്. ജമ്മുകശ്മീരില്‍ ഭീകരകേന്ദ്രങ്ങളില്‍ സുരക്ഷാസേന റെയ്ഡുകള്‍ ശക്തമാക്കിയതോടെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോകല്‍ നടത്തിയതെന്നാണ് സൈനീകവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ഷോപ്പിയാന്‍, കുല്‍ഗാം, പുല്‍വാമ അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നാണ് ആളുകളെ തട്ടിക്കൊണ്ട് പോയത്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ജമ്മുകശ്മീര്‍ പൊലീസ് നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസം നാല് പൊലീസ് ഉദ്യോഗസ്ഥര്‍ ഭീകരരാല്‍ വധിക്കപ്പെട്ടതിന് പിന്നാലെ ഭീകരരുടെ വീടുകള്‍ സൈന്യം അഗ്‌നിക്കിരയാക്കിയതായി ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഇത് സൈന്യം നിഷേധിച്ചു.
28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാഗങ്ങളെ ഇത്തരത്തില്‍ വ്യാപകമായി ഭീകരര്‍ ഉന്നംവെക്കുന്നത്. സമ്മര്‍ദ്ദതന്ത്രമാണ് ഭീകരര്‍ ഉദ്ദേശിക്കുന്നതെന്നും സൂചനയുണ്ട്.