തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്താന്‍ ഭരണഘടനാ ഭേദഗതി വേണമെന്ന് നിയമ കമ്മീഷന്‍
രാജ്യത്ത് നിരന്തരം തെരഞ്ഞെടുപ്പുകള്‍ നടത്തുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണെന്നും നിയമ കമ്മീഷന്‍ സര്‍ക്കാരിനെ അറിയിച്ചു.
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് തീരുമാനത്തിലെത്താന്‍ ഇനിയും ചര്‍ച്ചകള്‍ ആവശ്യമാണെന്ന് നിയമ കമ്മീഷന്‍. നിലവിലെ ഭരണഘടന പ്രകാരം തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനാവില്ല. അതിന് ഭരണഘടന ഭേദഗതി ചെയ്യേണ്ടി വരുമെന്നും കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ വ്യക്തമാക്കി. രാജ്യത്ത് നിരന്തരം തെരഞ്ഞെടുപ്പുകള്‍ നടത്തുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണെന്നും നിയമ കമ്മീഷന്‍ സര്‍ക്കാരിനെ അറിയിച്ചു.
ഇന്നലെ ചേര്‍ന്ന നിയമ കമ്മീഷന്‍റെ യോഗത്തില്‍ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത് സംബന്ധിച്ച് കരട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയെന്നാണ് തീരുമാനമെടുത്തത്. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ പഠനങ്ങളും ചര്‍ച്ചകളും ആവശ്യമാണ്. നിലവിലെ കമ്മീഷന്‍ അധ്യക്ഷന്‍ റിട്ടയേഡ് ജസ്റ്റിസ് ബല്‍ബീര്‍ സിങ് ചൌഹാന്‍റെ കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ പുതിയ കമ്മീഷന്‍ അധ്യക്ഷനാകും ഇത് സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം കൈക്കൊള്ളുക. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതിനായി നിലവിലെ ഭരണഘടനയില്‍ സാധിക്കില്ലെന്നും അതിനാല്‍ ഭരണഘടന ഭേദഗതി ആവശ്യമാണെന്നുമാണ് കമ്മീഷന്‍റെ നിലപാട്.
അതേസമയം തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്ന സാഹചര്യം കമ്മീഷന്‍ സ്വാഗതം ചെയ്തിട്ടുമുണ്ട്. നിരന്തരം തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത് പണചെലവും രാജ്യത്തിന്‍റെ ധനനഷ്ടത്തിനും ഭരണകൂടത്തിന്‍റെ ബാധ്യതയേറ്റുന്നതിനും കാരണമാകും. അതിനാല്‍ ഒന്നിച്ചുള്ള തെരഞ്ഞെടുപ്പ് സര്‍ക്കാരിന് വികസനപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സഹായിക്കുമെന്നും നിയമ കമ്മീഷന്‍ വ്യക്തമാക്കി.