‘എലികളെ കൊല്ലാന്‍ കീടനാശിനി മതി; എന്തിനാണ് വെടിയുണ്ടകള്‍..?’ മോദിയെ വധിക്കാന്‍ പദ്ധതിയെന്ന കത്തിനെ പരിഹസിച്ച് പ്രകാശ് അംബേദ്കര്‍

മുന്‍ എംപിയും ബഹുജന്‍ മഹാസംഗ് നേതാവും ഡോ. ബി.ആര്‍ അംബോദ്കറുടെ ചെറുമകനുമാണ് പ്രകാശ് അംബേദ്കര്‍.

Update: 2018-09-02 14:49 GMT
Advertising

മാവോയിസ്റ്റ് ബന്ധമാരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി ദലിത് നേതാവ് പ്രകാശ് അംബേദ്കര്‍. മോദിയെ വധിക്കാന്‍ പദ്ധതിയെന്ന കത്തിനെ പരിഹസിച്ചായിരുന്നു പ്രകാശ് അംബേദ്കറുടെ പ്രതികരണം. എലികളെ കൊല്ലാന്‍ കീടനാശിനി മതിയെന്നിരിക്കെ എന്തിനാണ് വെടിയുണ്ടകള്‍ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. മുന്‍ എംപിയും ബഹുജന്‍ മഹാസംഗ് നേതാവും ഡോ.ബി.ആര്‍ അംബോദ്കറുടെ ചെറുമകനുമാണ് പ്രകാശ് അംബേദ്കര്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിട്ടതായി കാണിച്ച് മഹാരാഷ്ട്ര പൊലീസ് പുറത്തുവിട്ട കത്തിലെ ഭാഗങ്ങള്‍ ഉദ്ധരിച്ചായിരുന്നു പ്രകാശ് അംബേദ്കറുടെ കമന്റ്. ''ആ കത്തില്‍ എവിടെയെങ്കിലും പ്രധാനമന്ത്രിയെ കൊല്ലുമെന്ന് പറയുന്നുണ്ടോ? 'രാജീവ് ഗാന്ധി മാതൃകയിലുള്ള പദ്ധതി' എന്നാണ് പറയുന്നത്. പക്ഷേ നിങ്ങള്‍ അതില്‍ പ്രധാനമന്ത്രിയെ ചേര്‍ത്തു. എലികളെ കൊല്ലാന്‍ ഒരു ടിക്-20 മതിയാകും. വെടിയുണ്ടകള്‍ ആവശ്യമില്ല.'' അദ്ദേഹം പറഞ്ഞു.

കസ്റ്റഡിയിലെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും കണ്ടെടുത്തതെന്ന് പറയപ്പെടുന്ന കത്തിലെ വരികള്‍ വെള്ളിയാഴ്ച മുംബൈയില്‍ നടന്ന ഒരു പത്രസമ്മേളനത്തിലാണ് എഡിജിപി പരംബീര്‍ സിംങ് പുറത്തുവിട്ടത്. ജൂണില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തക റോണ വില്‍സണും ഒരു മാവോയിസ്റ്റ് നേതാവും തമ്മില്‍ നടന്ന ഇമെയില്‍ സംഭാഷണത്തില്‍ 'മോദി രാജ് അവസാനിപ്പിക്കാന്‍ രാജീവ് ഗാന്ധി മാതൃകയിലുള്ള പദ്ധതി' എന്ന് കണ്ടെത്തിയതായി പറയുന്നു.

"സഖാവ് കിഷനും മറ്റു ചില സഖാക്കളും മോദി രാജ് അവസാനിപ്പിക്കാനുള്ള നിർദ്ദിഷ്ട നടപടികൾ മുന്നോട്ടുവെക്കുന്നു. രാജീവ് ഗാന്ധി മാതൃകയിലുള്ള പദ്ധതിയാണ് ഞങ്ങള്‍ ആലോചിക്കുന്നത്." ഇങ്ങനെയാണ് പൊലീസ് പുറത്തുവിട്ട ഇമെയിലിലെ വാചകങ്ങള്‍.

ആഗസ്റ്റ് 28നാണ് ഹൈദരാബാദില്‍ നിന്ന് വരവരറാവുവിനെയും, മുംബൈയില്‍ നിന്ന് വെർനൺ ഗോൺസാൽവ്സ്, അരുൺ ഫെരിരൈ എന്നിവരെയും ഫരീദാബാദില്‍ നിന്ന് സുധ ഭരദ്വാജ്, ഡല്‍ഹിയില്‍ നിന്നുമായി ഗൗതം നവലാഖ് എന്നീ മനുഷ്യാവകാശ പ്രവര്‍ത്തകരെയും പൂനെ പോലീസ് അറസ്റ്റ് ചെയ്തത്.

Tags:    

Similar News