2990 കോടിയുടെ സര്‍ദാര്‍ പട്ടേല്‍ പ്രതിമ; അവസാന മിനുക്കുപണിക്ക് ചൈനക്കാരും
ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഏകതയുടെ പ്രതിമ’ രാജ്യത്തിന് സമര്‍പ്പിക്കും.
ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ എന്ന വിശേഷണം സ്വന്തമാക്കിയ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമയുടെ അവസാന മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്. ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഏകതയുടെ പ്രതിമ' രാജ്യത്തിന് സമര്‍പ്പിക്കും. ഗുജറാത്തില്‍ നര്‍മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപം സാധു ബേട് ദ്വീപിലാണ് പ്രതിമ സ്ഥാപിക്കുക.
2013ലാണ് പ്രതിമയുടെ നിര്‍മാണം തുടങ്ങിയത്. ചൈനയില്‍ നിന്നുള്ള നൂറോളം തൊഴിലാളികള്‍ ഉള്‍പ്പെടെ 2500 ഓളം പേര്‍ പ്രതിമയെ അനാച്ഛാദനത്തിനായി ഒരുക്കുകയാണ്. 182 മീറ്റര്‍ ഉയരമുള്ള ഈ പ്രതിമയ്ക്ക് ഏറ്റവും ഉയരമുള്ള പ്രതിമ എന്ന വിശേഷണം അധികകാലമുണ്ടാവില്ല. മുംബൈയില്‍ ഛത്രപതി ശിവജിയുടെ 212 മീറ്റര്‍ ഉയരമുള്ള പ്രതിമ 2021ല്‍ സ്ഥാപിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബേര്‍ട്ടി പോലെ ഏകതയുടെ പ്രതിമയും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവചനം. അലഹബാദില്‍ നിന്നും 250 കിലോമീറ്റര്‍ സഞ്ചരിച്ചുവേണം ഇവിടെയെത്താന്‍.
ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെട്ടിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആദ്യ നെഹ്റു മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയായിരുന്നു. നാട്ടുരാജ്യങ്ങളെ ഏകീകരിച്ച പട്ടേല്‍ ഉരുക്കുമനുഷ്യന്‍ എന്നാണ് അറിയപ്പെടുന്നത്. പട്ടേല്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാകാത്തതില്‍ ഓരോ ഇന്ത്യക്കാരനും ഖേദിക്കുന്നുവെന്ന് മോദി 2013ല്‍ പറയുകയുണ്ടായി. തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മോദി ബോധപൂര്‍വ്വം പട്ടേലിനെ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തു.