‘ജയലളിത ആശുപത്രിയിലായപ്പോള്‍ തന്നെ ദിനകരന്‍ മുഖ്യമന്തിയാവാന്‍ ഗൂഢാലോചന തുടങ്ങി’ ആരോപണവുമായി പനീര്‍സെല്‍വം
ഒരിക്കലും മുഖ്യമന്ത്രിയാവാന്‍ സാധിക്കില്ലെന്ന നിരാശ മൂലമാണ് പനീര്‍സെല്‍വം ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് ദിനകരന്‍ തിരിച്ചടിച്ചു.
ടിടിവി ദിനകരനെതിരെ രൂക്ഷമായ ആരോപണവുമായി തമിഴ്നാട് ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററും എഐഡിഎംകെ നേതാവുമായ ഒ പനീര്‍സെല്‍വം. ജയലളിത ആശുപത്രിയിലേക്ക് പോയപ്പോള്‍ തന്നെ എഐഎഡിഎംകെ നേതൃസ്ഥാനം തട്ടിയെടുത്ത് മുഖ്യമന്തിയാവാന്‍ ദിനകരന്‍ ഗൂഢാലോചന നടത്തിയിരുന്നതായി പനീര്‍സെല്‍വം ആരോപിച്ചു.
''അമ്മ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഭരണം കൈക്കലാക്കാന്‍ ദിനകരന്‍ ശ്രമം നടത്തിയിരുന്നു. എന്നിട്ടിപ്പോള്‍ ദിനകരന്‍ ഞങ്ങളെ വിശ്വാസവഞ്ചകരെന്ന് വിളിക്കുന്നു. പാര്‍ട്ടിക്ക് വേണ്ടി ത്യാഗം ചെയ്തവനായി സ്വയം അവതരിക്കുകയും ചെയ്യുന്നു.'' പനീര്‍സെല്‍വം കുറ്റപ്പെടുത്തി.
''അടുത്ത അസംബ്ലി ഇലക്ഷനില്‍ 234ല്‍ 200സീറ്റും നേടുമെന്ന് ദിവാസ്വപ്നം കാണുകയാണ് ദിനകരന്‍. 20 രൂപ നോട്ട് കൊണ്ടാണ് ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ പോലും അദ്ദേഹം വിജയിച്ചത്.'' പനീര്‍സെല്‍വം പരിഹസിച്ചു. ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ദിനകരന്റെ അനുയായികള്‍ വോട്ടര്‍മാര്‍ക്ക് വ്യാപകമായി 20രൂപ നോട്ടുകള്‍ വിതരണം ചെയ്തിരുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ബാക്കി തുക തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നതായും പറയുന്നു.
അതേസമയം ഒരിക്കലും മുഖ്യമന്ത്രിയാവാന്‍ സാധിക്കില്ലെന്ന നിരാശ മൂലമാണ് പനീര്‍സെല്‍വം ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് ദിനകരന്‍ തിരിച്ചടിച്ചു.